അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായി വിരാട് കോഹ്ലി

 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരമായി വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസിനെ പിന്തള്ളിയാണ് കോഹ്ലി ആദ്യ അഞ്ചിലെത്തിയത്. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യയുടെ രണ്ടാം ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. 161 പന്തില്‍ 87 റണ്‍സുമായി കോഹ്ലി പുറത്താകാതെ ക്രീസിലുണ്ട്.നിലവില്‍ 500 മത്സരങ്ങളില്‍ നിന്ന് 53.67 ശരാശരിയില്‍ 25,548 റണ്‍സാണ് കോഹ്ലി നേടിയത്. 559 ഇന്നിംഗ്സുകളില്‍ നിന്ന് 75 സെഞ്ച്വറികളും 132 അര്‍ധ സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്.

652 മത്സരങ്ങളില്‍ നിന്ന് 25,957 റണ്‍സ് നേടിയ ശ്രീലങ്കയുടെ മഹേല ജയവര്‍ധനെയാണ് നാലാം സ്ഥാനത്ത്. 560 മത്സരങ്ങളില്‍ നിന്ന് 27,483 റണ്‍സ് നേടിയ റിക്കിപോണ്ടിംഗാണ് മൂന്നാമത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ രണ്ടാമത്. 594 മത്സരങ്ങളില്‍ നിന്നാണ് 28,016 റണ്‍സാണ് സംഗ നേടിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ്. 664 മത്സരങ്ങളില്‍ നിന്ന് 34,357 റണ്‍സാണ് ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേരിലുള്ളത്.

Top