വിരാട് കോലിക്കും എബി ഡിവില്ലിയേഴ്‌സിനും ‘പണി’ കൊടുത്ത് സൈനബ് അബ്ബാസ്

ലണ്ടന്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സിനും പൂജ്യത്തിന്റെ പണി കൊടുത്ത് പാക് മാധ്യമപ്രവര്‍ത്തക സൈനബ് അബ്ബാസ്.

ദുനിയ ന്യൂസിന് വേണ്ടി ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ലണ്ടനില്‍ എത്തിയതായിരുന്നു സൈനബ്. റിപ്പോര്‍ട്ടിങ്ങിനിടെ കോലിയേയും ഡിവില്ലിയേഴ്‌സിനേയും കണ്ടപ്പോള്‍ ഇരുവര്‍ക്കുമൊപ്പം സെല്‍ഫിയെടുക്കാന്‍ സൈനബിന് ആഗ്രഹം.

സെല്‍ഫിയെടുത്ത സൈനബ് ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്യുവാനും മറന്നില്ല.

ബര്‍മിങ്ഹാമില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിന് മുമ്പാണ് എബി ഡിവില്ലിയേഴ്‌സിനൊപ്പം സൈനബ് സെല്‍ഫിയെടുത്തത്. അധികം താമസിയാതെ 12 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ ആദ്യമായി ഡിവില്ലിയേഴ്‌സ് പൂജ്യത്തിനു പുറത്തായി.

ശ്രീലങ്ക- ഇന്ത്യ മത്സരത്തിലാണ് കോലിയുമായി സൈനബ് ഫോട്ടോയെടുത്തത്. ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി കോലിയും പൂജ്യത്തിന് പുറത്തായി.

സൈനബിന്റെ സെല്‍ഫികളാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പണി കൊടുത്തത് എന്നാണ് ട്വിറ്ററിലെ സംസാരം. ഇതു കണ്ട് വെട്ടിലായിരിക്കുകയാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അവതാരക കൂടിയായ സൈനബ്.

Top