ആരാധകര്‍ക്ക് കിടിലന്‍ ന്യൂ ഇയര്‍ സമ്മാനം നല്‍കി വിരുഷ്‌ക ദമ്പതികള്‍

Virat Kohli

ന്യൂ ഇയറിന് ആരാധകര്‍ക്ക് വിരുഷ്‌ക ദമ്പതികളുടെ കിടിലന്‍ സമ്മാനം. എല്ലാവര്‍ക്കും പുതുവല്‍സര ആശംസകള്‍ നേര്‍ന്ന് ഒരു സെല്‍ഫിയാണ് പുതുവല്‍സര സമ്മാനമായി ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിട്ടുളളത്. നേരത്തെ ദക്ഷിണാഫ്രിക്കയില്‍ ഷോപ്പിങ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ പുതുവല്‍സര ആഘോഷത്തിലാണ് വിരാട് കോഹ്‌ലിയും അനുഷ്‌കയും. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കുശേഷം ജനുവരി ആദ്യവാരം അനുഷ്‌ക ഇന്ത്യയിലേക്ക് മടങ്ങിയെത്തും. ഷാരൂഖ് ഖാനെ നായകനാക്കി ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് അനുഷ്‌ക എത്തുന്നത്. മാത്രമല്ല ഫെബ്രുവരി 9 ന് റിലീസ് ചെയ്യുന്ന തന്റെ പുതിയ ചിത്രമായ പാരിയുടെ പ്രൊമോഷനും അനുഷ്‌കയ്ക്ക് ചെയ്യേണ്ടതുണ്ട്,

എന്നും എപ്പോഴും ആരാധകരും സോഷ്യല്‍ മീഡിയയും ആവേശ പൂര്‍വ്വം ചര്‍ച്ച ചെയ്തിട്ടുള്ള രണ്ടു പേരാണ് വിരാടും, അനുഷ്‌കയും. അവരുടെ പ്രണയവും, സൗഹൃദവും, വേര്‍പിരിയലും, ഒടുവില്‍ വിവാഹവും ഏറേ കൊട്ടിഘോഷിക്കപ്പെട്ടിട്ടുണ്ട്.

ഡിസംബര്‍ 11 ന് ഇറ്റലിയിലെ മിലാനില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. യൂറോപ്പിലെ ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കുശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ വിരുഷ്‌ക ദമ്പതികള്‍ ഡല്‍ഹിയിലും മുംബൈയിലും വിരുന്നൊരുക്കി. ഇതിനുശേഷമാണ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോയത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്കായി വിരാട് കോഹ്‌ലി അവിടെ തുടരും. ജനുവരി 5 മുതല്‍ ഫെബ്രുവരി 24 വരെയാണ് ഇന്ത്യ-ദക്ഷിണാഫ്രിക്കന്‍ പരമ്പര.

Top