viral letter in social media-calicut univercity-

തേഞ്ഞിപ്പാലം; കാലിക്കറ്റ് സര്‍വ്വകലാശാല പ്യൂണ്‍ റാങ്ക് ലിസ്റ്റില്‍ അര്‍ഹതയുണ്ടായിട്ടും തഴയപ്പെട്ട യുവാവ് പ്രധാനമന്ത്രി,കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി, ഗവര്‍ണര്‍,മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവര്‍ക്കയച്ച കത്ത് വൈറലാകുന്നു.

എഴുത്തുപരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങിയ പുത്തൂര്‍പള്ളിക്കല്‍ ശ്രീപാദം വീട്ടിലെ കെപി നിധീഷിനാണ് രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബികളുടെ കാലു പിടിക്കാത്തതിനാലും നോട്ടുകെട്ടുകള്‍ വാരിവിതറാത്തതിനാലും റാങ്ക്‌ലിസ്റ്റില്‍ നിന്നും തഴയപ്പെട്ടത്.

64.33 മാര്‍ക്ക് എഴുത്തുപരീക്ഷയില്‍ ലഭിച്ച പട്ടിക ജാതിക്കാരനായ ഈ യുവാവിന് അഭിമുഖത്തില്‍ ലഭിച്ചത് 3.4 മാര്‍ക്കാണ്. ഫലമോ പട്ടികയില്‍ 207-മനായി പിന്തള്ളപ്പെടുകയും ചെയ്തു.

ഈ റാങ്ക് ലിസ്റ്റിലെ 16,18,19,20,21,22 എന്നീറാങ്കുകാര്‍ക്ക് നിധീഷിന് ലഭിച്ച മാര്‍ക്കിനു അത്രത്തോളം തന്നെ എഴുത്തുപരീക്ഷയില്‍ ലഭിച്ചപ്പോള്‍ അവര്‍ക്ക് അഭിമുഖത്തിന് നല്‍കിയത് 18.4,18 വീതം മാര്‍ക്കുകളായിരുന്നു.

ജാതി സംവരണം അവസാനിപ്പിക്കാനുള്ള കാലം അതിക്രമിച്ചു എന്ന് വാദിക്കുന്നവര്‍ ഈ കത്തൊന്ന് വായിക്കണം. സംവരണമുണ്ടായിട്ട് പോലും ഇതാണവസ്ഥയെങ്കില്‍ സംവരണമില്ലെങ്കില്‍ ….?

(നിധീഷ് അധികാരികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നല്‍കിയ കത്തിന്റെ പൂര്‍ണ്ണരൂപം)

സര്‍,

പതിനൊന്ന് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്യൂണ്‍/വാച്ച്മാന്‍ നിയമന പട്ടിക പ്രസിദ്ധീകരിച്ചിരിക്കുകയാണ്. വളരെയധികം പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയാണ് ഞാന്‍. പട്ടികജാതിക്കാരനായ എനിക്ക് എഴുത്ത്പരീക്ഷയില്‍ 64.33 മാര്‍ക്ക് ലഭിച്ചപ്പോള്‍ അഭിമുഖത്തിന് പക്ഷേ കിട്ടിയത് 3.4 മാര്‍ക്കാണ്. പട്ടികയില്‍ 207-മനായി പിന്‍തള്ളപ്പെട്ടു.

പട്ടികജാതിയില്‍പ്പെട്ടവനായതു കൊണ്ടും, യൂണിവേഴ്‌സിറ്റിയുടെ രണ്ടര കിലോമീറ്റര്‍ പരിധിയില്‍ ജനിച്ചു വളര്‍ന്നവനായതു കൊണ്ടും വലിയ പ്രതീക്ഷയിലായിരുന്നു ഞാന്‍.

16,18,19,20,21,22 എന്നീ റാങ്ക്കാര്‍ക്കും ഇതേമാര്‍ക്ക് തന്നെ. പക്ഷേ അഭിമുഖത്തിന് 18.4 ഉം 18 ഉം വീതം മാര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു.

അഭിമുഖത്തില്‍ ‘വീട്ടുവിശേഷങ്ങള്‍’ തിരക്കിയ ഇന്റര്‍വ്യൂബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് മാര്‍ക്കിട്ടത് എന്നറിയില്ല. നിര്‍ധനനായ എനിക്ക് ആരെയും കണ്ട് ‘കാശ് കൊടുത്തു’ സ്വാധീനിക്കാന്‍ സാധിക്കാത്തതിനാലും കൂലിപണിയെടുത്തു കുടുംബം പോറ്റുന്ന എനിക്ക് കോടതിയില്‍ പോകാന്‍ സ്ഥിതിയില്ലാത്തതിനാലും സങ്കടം ഇങ്ങനെ ഒരു കുറിപ്പെഴുതി തീര്‍ക്കുന്നു.

കൂലിപ്പണിയില്‍ നിന്ന് മോചനം ആഗ്രഹിച്ച്, യോഗ്യതയുണ്ടായിട്ടും ‘ഭാഗ്യമില്ലാത്തതിനാല്‍’ വീണ്ടും കൂലിപ്പണിക്കിറങ്ങുന്നു.ഇത്തരത്തില്‍ പിന്‍തള്ളപ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
എന്ന് വിശ്വസ്തതയോടെ,
നിധീഷ് കെപി
‘ശ്രീപാദം’ കളരിപ്പറമ്പ്
പുത്തൂര്‍പള്ളിക്കല്‍
തേഞ്ഞിപ്പാലം,മലപ്പുറം
673636

PH; 9605508274

Top