‘മിഠായി’ ടിക് ടോക്കിൽ വൈറല്‍ ; കിട്ടാതായപ്പോൾ അമേരിക്കയിൽ നിന്നും ഇസ്രായിലിലേക്ക് കള്ളക്കടത്ത്

ടെല്‍ അവീവ്: ടിക് ടോക് വീഡിയോ ട്രെന്‍ഡ് ആയതിന് പിന്നാലെ പ്രത്യേക രീതിയിലെ 295 കിലോഗ്രാം മിഠായിയുമായി അമേരിക്കന്‍ ദമ്പതികള്‍ പിടിയില്‍. ടിക് ടോക് വീഡിയോയിലൂടെ ഫ്രൂട്ട് റോള്‍ അപ് മിഠായി രാജ്യത്ത് കിട്ടാതായതിന് പിന്നാലെയാണ് വിദേശത്ത് നിന്ന് ഒളിച്ച് കടത്ത് ആരംഭിച്ചത്. ഇസ്രയേലിലെ ബെന്‍ ഗുരിയോണ്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് വന്‍ മിഠായി കടത്ത് പിടികൂടിയത്. മൂന്ന് സ്യൂട്ട് കേസിലായാണ് മിഠായി കൊണ്ടുവന്നത്. ഇസ്രയേലിലെ വീട്ടുകാര്‍ക്കായാണ് മിഠായി കൊണ്ടുവന്നതെന്നാണ് അമേരിക്കന്‍ ദമ്പതികള്‍ വിശദമാക്കുന്നത്.

സ്യൂട്ട് കേസില്‍ ദമ്പതികളുടെ തുണികളോ മറ്റ് സാധനങ്ങളോ കാണാത്തതെന്താണെന്ന ചോദ്യത്തിന് ദമ്പതികളുടെ മറുപടിയും രസകരമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആവശ്യത്തിനുള്ള തുണിയും സാധനങ്ങളും ബന്ധുക്കളുടെ പക്കലുണ്ടെന്നും മിഠായി ആണ് ഇല്ലാത്തതെന്നുമാണ് ദമ്പതികളുടെ പ്രതികരണം. ഐസ് ക്രീമിനൊപ്പം എന്തോ ചെയ്യാനാണ് മിഠായിയെന്നുമാണ് ദമ്പതികള്‍ പ്രതികരിക്കുന്നത്. മാര്‍ച്ച് ആദ്യ വാരം മുതലാണ് ടിക് ടോകില്‍ ഐസ്ക്രീമില്‍ ഫ്രൂട്ട് റോള്‍ അപ് മിഠായി പൊതിഞ്ഞ് തണുപ്പിച്ച് മരപ്പിച്ച് കറുമുറെ കടിച്ച് തിന്നുന്നതാണ് ടിക് ടോകില്‍ വൈറലായിരിക്കുന്ന ട്രെന്‍ഡ്. ഒരു ആഴ്ച മുന്‍പ് സമാനമായ മറ്റൊരു സംഭവത്തില്‍ 300 കിലോ മിഠായിയാണ് വിമാനത്താവളത്തില്‍ പിടികൂടിയത്.

ബുധനാഴ്ച ഇസ്രയേലിലെ ആരോഗ്യ മന്ത്രാലയം ടിക് ടോക് ട്രെന്‍ഡിനേക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഠായിയിലടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ച് ഇത്തരം ട്രെന്‍ഡുകളുടെ പിന്നാലെ പോവുമ്പോള്‍ കൂടുതല്‍ ബോധ്യമുണ്ടാവണമെന്നും ആരോഗ്യത്തില്‍ അവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് ബോധവാന്മാരാകണമെന്നുമാണ് ആരോഗ്യമന്ത്രാലയം വിശദമാക്കുന്നത്. ഗ്ലൂക്കോസ്, കോണ്‍ സിറപ്പ്, ഡ്രൈ കോണ്‍ സിറപ്പ് എന്നിവയെല്ലാത്തിലും അടങ്ങിയിട്ടുള്ളത് മധുരമാണെന്നും ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നു. വിവിധ തരങ്ങളിലുള്ള മധുരം മാത്രമാണ് ഇതിലുള്ളത്.

Top