അവരുടെ വാക്കുകളോട് യോജിക്കുന്നില്ല; ഹര്‍ദിക്കിനെയും രാഹുലിനെയും തള്ളി കൊഹ്ലി

ക്രിക്കറ്റ് ലോകത്തെ പുതിയ വിവാദമായ ഹര്‍ദിക്ക് പാണ്ഡ്യയുടേയും, കെ.എല്‍.രാഹുലിന്റേയും വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി. അത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാത്രമാണ്. ഇന്ത്യന്‍ ടീമിലെ ക്രിക്കറ്റ് താരങ്ങള്‍ അതിനോട് യോജിക്കുന്നില്ലെന്ന് കൊഹ്‌ലി പറഞ്ഞു. ആദ്യ ഏകദിനത്തിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സിലായിരുന്നു കൊഹ്‌ലിയുടെ വാക്കുകള്‍.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം എന്ന നിലയില്‍, ഉത്തരവാദിത്വമുള്ള ക്രിക്കറ്റ് താരങ്ങള്‍ എന്ന നിലയില്‍ അവര്‍ പറഞ്ഞ വാക്കുകളോട് യോജിക്കുവാനാവില്ല. ആ വിഷയത്തില്‍ അന്തിമ തീരുമാനം വരുന്നതിന് വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണ്. ഈ സംഭവം ഡ്രസിങ് റൂമിലെ ഞങ്ങളുടെ ഒരു വിശ്വാസത്തേയും ബാധിക്കുന്നില്ല’. ഞങ്ങളുടെ സ്പിരിറ്റിനേയും ഇത് സ്വാധീനിക്കില്ല- കൊഹ്‌ലി വ്യക്തമാക്കി.

അതേസമയം പാണ്ഡ്യയേയും രാഹുലിനേയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കാന്‍ സിഒഎ ശുപാര്‍ശ ചെയ്തിരുന്നു. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനുള്ള പന്ത്രണ്ടംഗ ടീമിനെ പ്രഖ്യാപിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കാത്തിരിക്കണം. ഹര്‍ദിക്കിന് ശിക്ഷ ഉറപ്പായിരിക്കെ, കെ.എല്‍.രാഹുലിനെതിരെയുള്ള നടപടി കഠിനമായിരിക്കില്ല എന്നുമാണ് സൂചന.

Top