കോഹ്ലിയും ബുംറയും അവഗണിച്ചു; ഹിറ്റ്മാന്റെ ആരാധകര്‍ കട്ടക്കലിപ്പില്‍

വിശാകപട്ടണം: ഇന്ത്യ-ഓസ്ട്രേലിയ ടി20യില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മത്സരത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും ബോളര്‍ ജസ്പ്രീത് ബുംറയും സംസാരിക്കുന്ന ദൃശ്യങ്ങളാണ് ആ വീഡിയോയിലുള്ളത്. പക്ഷേ ഇരുവരും സംസാരിക്കുന്നത് അടുത്ത് നില്‍ക്കുന്ന രോഹിത് ശര്‍മ്മയെ അവഗണിച്ചുകൊണ്ടാണ് എന്ന കാര്യമാണ് വീഡിയോ ചര്‍ച്ചയാകാന്‍ കാരണമായത്.

മത്സരത്തിലെ 19ാം ഓവറിലായിരുന്നു സംഭവം. ജസ്പ്രീത് ബുംറയായിരുന്നു ഈ ഓവറില്‍ കംഗാരുക്കള്‍ക്കെതിരെ ബോളിങ്ങിന് എത്തിയത്. മികച്ച രീതിയില്‍ ബോളെറിഞ്ഞ ബുംറ റണ്‍സ് കുറച്ച് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റും വീഴ്ത്തി. ബുംറയുടെ ഈ പ്രകടനം ഇന്ത്യക്ക് ജയ പ്രതീക്ഷയും നല്‍കിയിരുന്നു. ഈ ഓവറിനിടെ കോഹ്ലി ചില നിര്‍ദേശങ്ങള്‍ ബുംറയ്ക്ക് നല്‍കി. ഈ സമയം ഉപനായകന്‍ രോഹിത് ശര്‍മ്മയും അടുത്തുണ്ടായിരുന്നു.

ബുംറയുടെയും കോഹ്ലിയുടെയും സംസാരം രോഹിത് കൈയ്യും കെട്ടി നോക്കിനിന്നു. ഇരുവരും രോഹിത്തിനെ ഗൗനിക്കുക പോലും ചെയ്യാതെ അവിടെ നിന്നു പോയി. കുറച്ചുനേരം കൂടി അവിടെനിന്നശേഷമാണ് രോഹിത് നടന്നകന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ രോഹിത്തിന്റെ ആരാധകരെല്ലാം രോഷത്തിലാണ്.

ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ മൂന്നു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയന്‍ ജയം. അവസാന ഓവറിലെ അവസാന പന്തിലാണ് കംഗാരുക്കള്‍ വിജയം നേടിയത്.

Top