ആ വിസ്മയ തന്ത്രികള്‍ ഇനി ചലിക്കില്ല; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Balabhaskar

കോട്ടയം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായിരുന്ന ബാലഭാസ്‌കര്‍ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബാലഭാസ്‌കര്‍. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകടത്തില്‍ മരിച്ചിരുന്നു.

ബാലഭാസ്‌കറിന്റെ ആരോഗ്യ നിലയില്‍ ഇന്നലെ നേരിയ പുരോഗതിയുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെട്ടതാണ് മരണ കാരണം. ബാലഭാസ്‌കറിനൊപ്പം അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ആശുപത്രിയില്‍ ചികിത്സയിലാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകുന്നേരത്തോടെ സംസ്‌കരിക്കും.

ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു.

Top