ബാലഭാസ്ക്കറിന്റെ മരണം വിവാദമാക്കിയ സകല മാധ്യമങ്ങളും മാപ്പു പറയണം . . .

ന്തിനു വേണ്ടിയാണ് മരിച്ചിട്ട് പോലും വെറുതെ വിടാതെ ബാലഭാസ്‌ക്കറിനെയും കുടുംബത്തിനെയും വേട്ടയാടിയത് എന്നതിന് മാധ്യമങ്ങള്‍ ഇനി മറുപടി പറയണം. ആരോപണം ഉന്നയിച്ച ബന്ധുക്കളുടെ സങ്കുചിത താല്‍പ്പര്യങ്ങളും പരിശോധിക്കപ്പെടണം.

വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണത്തിന് സ്വര്‍ണ കള്ളക്കടത്തുമായി ഒരു ബന്ധവുമില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി കഴിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് ഹൈക്കോടതിയില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ബാലഭാസ്‌ക്കറുമായി അടുപ്പമുള്ളവര്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതോടെയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. വാഹനം താനല്ല ഓടിച്ചതെന്ന് ഡ്രൈവര്‍ അര്‍ജുനന്‍ മൊഴി മാറ്റിയതും സംശയത്തിനിടയാക്കി. ഇതേ തുടര്‍ന്നാണ് ഗുരുതര ആരോപണങ്ങളുമായി ബാലഭാസ്‌ക്കറിന്റെ പിതാവും ചില ബന്ധുക്കളും രംഗത്ത് വന്നിരുന്നത്.

യഥാര്‍ത്ഥത്തില്‍ എരിതീയില്‍ എണ്ണ ഒഴിച്ചത് തന്നെ ഈ ബന്ധുക്കളാണ്. പ്രണയിച്ച് വിവാഹം ചെയ്തതിലുള്ള രോഷം അനവസരത്തില്‍ ലക്ഷ്മിയോടും അവര്‍ തീര്‍ത്തു. ഒരു വില്ലത്തിയായി ബാലഭാസ്‌ക്കറിന്റെ ഭാര്യയെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഉണ്ടായിരുന്ന ലക്ഷ്മിയുടെയും മകളുടെയും സ്വര്‍ണത്തെ പോലും സംശയത്തോടെ കണ്ടവരെ ബന്ധുക്കളെന്ന് പോലും വിളിക്കാന്‍ കഴിയുകയില്ല.

മലയാളിയെ ഞെട്ടിച്ച ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമാണെന്ന സംശയം പിതാവ് തന്നെ പ്രകടിപ്പിച്ചതോടെയാണ് വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ബാലഭാസ്‌ക്കറിന്റെ യാത്രയും ക്രൈംബ്രാഞ്ച് പുനരാവിഷ്‌ക്കരിച്ചിരുന്നു. അന്വേഷണ പുരോഗതി ഉള്‍പ്പെടെ ഇതുവരെ ലഭിച്ച വിവരങ്ങളാണ് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരിക്കുന്നത്. വിഷ്ണു, പ്രകാശന്‍ തമ്പി എന്നിവരുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇരുവരുടെയും ഇടപാടുകളില്‍ ബാലഭാസ്‌ക്കറിന് പങ്കില്ലെന്നാണ് കണ്ടെത്തല്‍. സമാനമായ നിലപാടാണ് സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കേന്ദ്ര സംഘത്തിനുമുള്ളത്.

സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന വിഷ്ണു, പ്രകാശന്‍ തമ്പി ,സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തില്‍ പങ്കുണ്ടെന്നതിന് ഒരു തെളിവും ഇതുവരെ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടില്ല. ബാലഭാസ്‌ക്കറിന്റെ മരണം കൊലപാതകമായി കാണാനാണ് ഇവിടെ പ്രമുഖ മാധ്യമങ്ങളടക്കം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നത്. അതിനു വേണ്ടിയുള്ള മത്സരമാണ് ചാനലുകളും പത്രമാധ്യമങ്ങളും നടത്തിയിരുന്നത്.

ഇത്തരക്കാര്‍ക്ക് ഒടുവില്‍ വീണു കിട്ടിയ ആയുധമായി വാഹനത്തിലെ 44 പവനും രണ്ടു ലക്ഷം രൂപയും മാറി കഴിഞ്ഞിരുന്നു. ഈ സ്വര്‍ണ്ണം ചൂണ്ടിക്കാട്ടിയാണ് ബാലഭാസ്‌ക്കറിനെയും ഭാര്യയെയും സ്വര്‍ണ്ണക്കള്ളക്കടത്തുകാരാക്കി ചിത്രീകരിച്ചിരുന്നത്. ഒരു പെട്ടി നിറയെ സ്വര്‍ണ്ണം പ്രതീക്ഷിച്ചവര്‍ക്ക് കിട്ടിയത് 44 പവനായിരുന്നെങ്കിലും ആഘോഷത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല.

ലക്ഷക്കണക്കിന് രൂപ പ്രതിഫലം വാങ്ങുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന് 44 പവനല്ല, 444 പവന്‍ ഭാര്യയ്ക്ക് വാങ്ങി കൊടുക്കാനുള്ള ശേഷിയുണ്ടെന്ന് ആരോപകര്‍ ഓര്‍ത്തില്ല. സാമ്പത്തികമായി കെട്ടുറപ്പുള്ള ഒരു കുടുംബത്തില്‍ നിന്നും എല്ലാം ഉപേക്ഷിച്ച് ബാലഭാസ്‌ക്കറിനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച ലക്ഷ്മി, സ്വര്‍ണം കടത്തി എന്നു പറഞ്ഞതു തന്നെ സാമാന്യ യുക്തിയ്ക്ക് നിരക്കാത്തതായിരുന്നു. അപകടത്തില്‍പ്പെട്ട സ്വര്‍ണം ലക്ഷ്മിയുടെയും കുഞ്ഞിന്റെയും ആണെന്ന് ഇതിനകം തന്നെ വ്യക്തമായി കഴിഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കുന്ന സമയത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് ലക്ഷ്മിയും ബാലഭാസ്‌കറും. അന്ന് ബാലഭാസ്‌ക്കറിനെ സംബന്ധിച്ച് അതിദയനീയമായിരുന്നു അവസ്ഥ. ഭാവിയില്‍ അറിയപ്പെടുന്ന ഒരു കലാകാരന്‍ ആകുമെന്ന ഒരു ഉറപ്പിലുമല്ല എല്ലാം ഉപേക്ഷിച്ച് ലക്ഷ്മി വന്നിരുന്നത്. ഇക്കാര്യം ബാലഭാസ്‌കര്‍ തന്നെ വിവിധ ചാനല്‍ ഇന്റര്‍വ്യൂകളില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ബസില്‍ വയലിനും പിടിച്ച് യാത്ര ചെയ്ത് കുടുംബം നോക്കിയ ഭൂതകാലത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെ പോലെയായിരുന്നു അദ്ദേഹത്തിന്റെ തിരിച്ചു വരവ്. വൈകി പിറന്ന കുഞ്ഞുമൊത്ത് സന്തോഷപൂര്‍വം ജീവിച്ച് വരികെയാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടിരുന്നത്.

ഡ്രൈവര്‍ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് ഇതിനകം തന്നെ അന്വേഷണ സംഘം കണ്ടെത്തി കഴിഞ്ഞു. ആദ്യ ദുരൂഹതയാണ് ഇതോടെ പൊളിഞ്ഞത്. എറണാകുളം സ്വദേശി ഷോബിയുടെ വെളിപ്പെടുത്തലും സംശയകരമായിരുന്നു. രണ്ടു പേര്‍ ഓടിപ്പോകുന്നത് കണ്ടു എന്നായിരുന്നു ഷോബി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ സംശയകരമായ ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പ്രകാശന്‍ തമ്പി സി.സി.ടി.വി ദൃശ്യം ചോദിച്ച് ചെന്നതായ വിവരമാണ് പിന്നീട് വിവാദമായത്. മൊഴിയില്‍ ഇക്കാര്യം സ്ഥിരീകരിച്ച തമ്പി അതിന്റെ കാരണവും പറഞ്ഞിരുന്നു, വാഹനം താനല്ല ഓടിച്ചത് എന്ന് അര്‍ജുന്‍ മൊഴി മാറ്റി പറഞ്ഞപ്പോള്‍ യാഥാര്‍ത്ഥ്യം കണ്ടു പിടിക്കാനായിരുന്നു ഇതെന്നായിരുന്നു മൊഴി.

ഹാര്‍ഡ് ഡിസ്‌ക്ക് എവിടെ നിന്ന് പരിശോധിച്ചു, ആരൊക്കെ കൂടെ ഉണ്ടായിരുന്നു എന്ന കാര്യങ്ങളും ഇയാള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. അസ്വാഭാവികമായ ഒന്നും തന്നെ ഈ അന്വേഷണത്തിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാധ്യമങ്ങള്‍ കൊലപാതകമായും സ്വര്‍ണ കള്ളക്കടത്തായും ചിത്രീകരിച്ച സംഭവത്തിലെ യാഥാര്‍ത്ഥ്യമാണ് ഇതോടെ വ്യക്തമാകുന്നത്.

ഒരിക്കല്‍ നമ്പി നാരായണനെ ചാരനാക്കി കൊല്ലാക്കൊല ചെയ്തതും ഇതേ മാധ്യമങ്ങളാണ്. ഒടുവില്‍ നിരപരാധിയാണെന്ന് വ്യക്തമായപ്പോള്‍ അയാള്‍ക്ക് നഷ്ടമായതൊന്നും തിരിച്ചു നല്‍കിയിട്ടില്ല. ലോകം അറിയുന്ന ശാസ്ത്രജ്ഞനെ ചാരനാക്കിയവര്‍ ഇന്ന് ബാലഭാസ്‌ക്കറിനേയും ഭാര്യയേയും കള്ളക്കടത്തുകാരാക്കാനാണ് ശ്രമിച്ചത്. മരിച്ചാലും വിടാത്ത വേട്ടയാടലാണിത്.

ഇനിയെങ്കിലും വസ്തുതകള്‍ വ്യക്തമായാല്‍ മാത്രം ഇത്തരം ആരോപണങ്ങള്‍ വാര്‍ത്തയാക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അതല്ലെങ്കില്‍ അത് വലിയ പാപമായിരിക്കും. വാര്‍ത്ത നല്‍കുന്നവര്‍ക്കും നാളെ ഇതേ അവസ്ഥ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന കാര്യവും നിങ്ങള്‍ മറക്കരുത്. ഹിറ്റുകള്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് ലാഭം നല്‍കും പക്ഷേ വിശ്വാസ്യത നല്‍കില്ല. അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്.

Express View

Top