വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു

Balabhaskar

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. അപകടത്തില്‍ മകള്‍ തേജസ്വിനി (2) മരിച്ചു. ബാലഭാസ്കര്‍, ഭാര്യ ലക്ഷ്മി ഡ്രൈവര്‍ അര്‍ജുന്‍ എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

15 വര്‍ഷത്തോളമുള്ള കാത്തിരിപ്പിനും നേര്‍ച്ചകാഴ്‌ച്ചകള്‍ക്കു മൊടുവിലാണ് ബാലഭാസ്‌ക്കറിനും ഭാര്യയ്ക്കും കുഞ്ഞു പിറന്നത്. മകളുടെ മരണ വാര്‍ത്ത അതിതീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അച്ഛനും അമ്മയും അറിഞ്ഞിട്ടില്ല.

തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.

വടക്കുംനാഥക്ഷേത്ര ദര്‍ശനത്തിനു ശേഷമുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ബാലഭാസ്‌കര്‍, ഭാര്യ, മകള്‍, ഡ്രൈവര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൊളിച്ചാണ് ഇവരെ പൊലീസ് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.

നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

Top