Violent Protests In Gujarat Over Dalit Men Being Beaten By ‘Cow Protectors

അഹ് മദാബാദ്: പശുവിനെ കൊന്നെന്ന് ആരോപിച്ച് ദളിതരെ മര്‍ദിച്ചതില്‍ ഗുജറാത്തില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിയത്.

ഏഴ് ദളിത് യുവാക്കള്‍ ആത്മഹത്യക്ക് ശ്രമിക്കുകയും നിരവധി ബസുകള്‍ അഗ്‌നിക്കിരയാവുകയും ചെയ്തു.

വ്യത്യസ്ത സ്ഥലങ്ങളിലായി ദളിത് സംഘടനകള്‍ നടത്തിയ പ്രതിഷേധ റാലികളിലാണ് യുവാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി രാജ്യസഭയില്‍ തിങ്കളാഴ്ച ഇക്കാര്യം ഉന്നയിക്കുകയും ബഹളങ്ങള്‍ക്കിടയില്‍ സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

രാജ്‌കോട്ടിലും ജാംനഗറിലുമാണ് ബസുകള്‍ അഗ്‌നിക്കിരയായത്. രാജ്‌കോട്ട്‌പോര്‍ബന്തര്‍ ദേശീയപാത മണിക്കൂറുകളോളം പ്രതിഷേധക്കാര്‍ തടസപ്പെടുത്തി.

സ്വയം ഗോസംരക്ഷകരെന്ന് വിശേഷിപ്പിക്കുന്ന ഒരു സംഘം കഴിഞ്ഞ ആഴ്ച നാല് തുകല്‍പണിക്കാരെ എസ്.യു.വില്‍ കെട്ടിയിട്ട് മര്‍ദിച്ചതാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.

മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ മുന്നറിയിപ്പെന്ന നിലയില്‍ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

തങ്ങള്‍ ചത്ത പശുവിന്റെ തോലുരിക്കുക മാത്രമാണ് ചെയ്തതെന്ന് അക്രമത്തിനിരയായവര്‍ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ കഴിയുകയാണ്.

സോഷ്യല്‍ മീഡിയയലൂടെ വൈറലായ പ്രകോപനമുണ്ടാക്കുന്ന ഈ ദൃശ്യങ്ങളാണ് സംസ്ഥാനത്ത് വ്യാപക പ്രതിഷേധത്തിന് തിരികൊളുത്തിയത്.

വീഡിയോയിലൂടെ അക്രമികളെ തിരിച്ചറിഞ്ഞ പൊലീസ് സംഭവത്തിനുത്തരവാദികളായ എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.

അക്രമത്തിനിരയായവര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്നും കേസ് അന്വേഷിക്കാനായി പ്രത്യേക കോടതി സ്ഥാപിക്കുമെന്നും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേല്‍ പ്രഖ്യാപിച്ചു.

എന്നാല്‍, പ്രതിപക്ഷവും സാമൂഹ്യസന്നദ്ധ പ്രവര്‍ത്തകരും വിഷയത്തില്‍ സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. മാട്ടിറച്ചി വിവാദവും പശു സംരക്ഷണവും പോലുള്ള വിഷയങ്ങളില്‍ ബി.ജെ.പി സര്‍ക്കാറിന്റെ നിലപാടുകളാണ് ചോദ്യം ചെയ്യപ്പെടുന്നത്.

Top