മാധ്യമപ്രവര്‍ത്തകയ്ക്കും ഭര്‍ത്താവിനും നേരെ ട്രെയ്നില്‍ അക്രമം; രണ്ട് യുവാക്കള്‍ പിടിയില്‍

കൊല്ലം: മാധ്യമ പ്രവര്‍ത്തകയ്ക്കും റെയില്‍വേ ഉദ്യോഗസ്ഥനായ ഭര്‍ത്താവിനും നേരെ ട്രെയിനില്‍ വച്ച് ആക്രമണം. 2 യുവാക്കള്‍ പൊലീസ് പിടിയില്‍. കോഴിക്കോട് പുതിയറ തിരുത്തിയാട് കാട്ടുപ്പറമ്പത്ത് വീട്ടില്‍ കെ.അജല്‍ (23), കോഴിക്കോട് ചേവായൂര്‍ നെടുലില്‍പറമ്പില്‍ അതുല്‍ (23) എന്നിവരാണു കൊല്ലം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകിട്ടു മലബാര്‍ എക്‌സ്പ്രസില്‍ വച്ചാണ് ആക്രമണം നടന്നത്. ട്രെയിന്‍ ചിറയില്‍കീഴ് എത്തിയപ്പോള്‍ ഭര്‍ത്താവ് പ്ലാറ്റ്‌ഫോമിലേക്കു ഇറങ്ങി.

തുടര്‍ന്ന്, ബി3 കംപാര്‍ട്‌മെന്റില്‍ യാത്ര ചെയ്തിരുന്ന മാധ്യമ പ്രവര്‍ത്തകയോട് അടുത്തെത്തിയ പ്രതികള്‍ മോശമായി സംസാരിക്കുകയും ചോദ്യം ചെയ്തപ്പോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന്, പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. ഇദ്ദേഹം എത്തി പ്രതികളോടു കാര്യം തിരക്കുന്നതിനിടെ ഇദ്ദേഹത്തെ മര്‍ദിക്കുകയായിരുന്നു.

തുടര്‍ന്ന് റെയില്‍വേ പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്‌പ്പെടുത്തി. പ്രതികള്‍ പൊലീസ് സംഘത്തെയും ആക്രമിച്ചു. ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതികളെ ഇറക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 

Top