കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം; പൊലീസ് ലാത്തി വീശി

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘര്‍ഷം. സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാത്ത സംഭവവുമായി ബന്ധപ്പെട്ട് എംഎസ്എഫ് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇന്നലെയും ഇന്നേ വിഷയത്തില്‍ ക്യാംപസിനുള്ളില്‍ സംഘര്‍ഷമുണ്ടാക്കുകയും എട്ടോളം എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഇന്ന് എംഎസ്എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയത്. കാലിക്കറ്റ് സര്‍വകലാശാലയുടെ സി സോണ്‍ കലോത്സവത്തില്‍ എംഎസ്എഫ് ഭരിക്കുന്ന കോളേജ് യൂണിയനുകള്‍ക്ക് വിലക്കിയെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. ഇതേ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലറെ എംഎസ്എഫ് പ്രവര്‍ത്തകര്‍ ഇന്നലെ പൂട്ടിയിടുകയും ചെയ്തു. ഇതിനു ശേഷമാണ് ക്യാംപസില്‍ വച്ച് എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ഇതിനു തുടര്‍ച്ചയായാണ് ഇന്നുണ്ടായ അക്രമസംഭവങ്ങള്‍.

വന്‍പൊലീസ് സംഘം മാര്‍ച്ചില്‍ അക്രമം ഉണ്ടാവും എന്ന വിവരത്തെ തുടര്‍ന്ന് ക്യാംപസില്‍ എത്തിയിരുന്നു. എംഎസ്എഫ് പ്രകടനം അക്രമാസക്തമായതോടെ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പൊലീസിന്റെ ലാത്തിയടിയിലും ഓടുന്നതിനിടെ വീണും നിരവധി എംഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

Top