സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്രമം; ചികിത്സക്കെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി അക്രമസംഭവങ്ങള്‍.

കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും വ്യാപകമായി ഇന്ന് കല്ലേറുണ്ടായി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എറണാകുളത്തും ഇടുക്കിയിലും സംഘപരിവാര്‍ നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ പലഭാഗങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ ടയര്‍ കത്തിച്ചും മറ്റും ഗതാഗതം തടസ്സപ്പെടുത്തി. കുന്ദമംഗലം, പാറോപ്പടി, എരഞ്ഞിപ്പാലം ഭാഗങ്ങളിലാണ് ഗതാഗതം തടസ്സപ്പെടുത്തിയത്. ആലപ്പുഴ ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.

സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസിന് തീയിട്ടു. മലപ്പുറം തവനൂരിലാണ് സംഭവം. പാലക്കാട് വെണ്ണക്കരയില്‍ വായനശാലയ്ക്കും തീയിട്ടു. സിപിഎം നിയന്ത്രണത്തിനുള്ള വായനശാലയാണിത്.

കൊട്ടാരക്കരയിലെ പത്തനാപുരത്തും ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധിക്കുകയാണ്. കണ്ണൂരില്‍ കെഎസ് ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ ബസിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

തിരുവനന്തപുരത്ത് ആര്‍സിസിയില്‍ ചികിത്സയ്‌ക്കെത്തിയ വയനാട് സ്വദേശിനി വാഹനം ലഭിക്കാത്തതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചു. വയനാട് സ്വദേശിയായ പാത്തുമ്മ (64)ആണ് തമ്ബാനൂര്‍ റെയി്ല്‍വേ സ്റ്റേ്ഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്.

ദേഹാസ്വസ്ത്യം അനുഭവപ്പെട്ട ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകാനായി വാഹനങ്ങളൊന്നും ലഭിച്ചില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് ആംബുലന്‍സ് എത്തി ഇവരെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Top