ബംഗാള്‍ നിയമസഭയില്‍ ബഹളം: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി

കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നയപ്രഖ്യാപന പ്രസംഗം ഇടക്കുവച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിലുണ്ടായ അക്രമങ്ങളില്‍ ബി ജെ പി ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് ഗവര്‍ണര്‍ ജഗ്ദീപ് ദാങ്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന പശ്ചിമ ബംഗാള്‍ നിയമ സഭയുടെ ആദ്യ സമ്മേളനത്തിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് അരങ്ങേറിയ വ്യാപകമായ അക്രമം, കൊലപാതകം എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തിയത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ച ഉടന്‍ അക്രമങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെന്ന് ആരോപിച്ച് ബി ജെ പി അംഗങ്ങള്‍ എഴുന്നേറ്റതോടെ സഭ പ്രതിഷേധക്കളമായി. ബഹളത്തിനിടെ നയപ്രഖ്യാപന പ്രസംഗം ഇടയ്ക്കുവെച്ച് നിര്‍ത്തി ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തൊട്ടുപിന്നാലെ ബി ജെ പി അംഗങ്ങളും നിയമസഭ ബഹിഷ്‌കരിച്ചു.

ബി ജെ പി – ഗവര്‍ണര്‍ നാടകമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങള്‍ ഉയര്‍ത്തി ബി ജെ പി തൃണമൂല്‍ ഏറ്റുമുട്ടലോടെയായിരുന്നു മമത സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങിയത്.

Top