മുംബൈ: മഹാരാഷ്ട്രയുടെ വിവിധയിടങ്ങളില്‍ നടന്ന സാമുദായിക സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബന്ദ് ആചരിക്കുമെന്ന് ദളിത് സംഘടനകള്‍ അറിയിച്ചു. ദളിത്-മറാത്ത വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൂനയില്‍ കൊറെഗാവ് യുദ്ധവാര്‍ഷികത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്കിടെ തിങ്കളാഴ്ച അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ആയിരങ്ങള്‍ തെരുവിലിറങ്ങിയതാണു സംഘര്‍ഷമായി വളര്‍ന്നത്.
പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ കര്‍ഫ്യൂവിനു സമാനമായ അന്തരീക്ഷമാണ്. അക്രമമുണ്ടായ സ്ഥലങ്ങളില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
മുംബൈയുടെ മൂന്നു ലോക്കല്‍ ട്രെയിന്‍ പാതകളിലൊന്നായ ഹാര്‍ബര്‍ ലൈനില്‍ ദലിത് പ്രതിഷേധംമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പലയിടങ്ങളിലും റോഡ് ഗതാഗതവും തടസ്സപ്പെട്ടു. 160 ബസുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ട്.മേഖലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായെങ്കിലും പരുക്കില്ല. അക്രമങ്ങളുമായി ബന്ധപ്പെട്ടു മുംബൈയില്‍ മാത്രം നൂറോളംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.അക്രമ സംഭവത്തെക്കുറിച്ച് ജുഡീഷല്‍ അന്വേഷണം നടത്തുമെന്നു മുഖ്യമന്ത്രി ദേവന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.