പി.കെ.ശശിക്കെതിരെ നടപടി വേണം; ആവശ്യമുന്നയിച്ച് വീണ്ടും വി.എസ്.അച്യുതാനന്ദന്റെ കത്ത്

vs achudhanathan

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിക്ക് കത്തയച്ചു.

സ്ത്രീപക്ഷത്ത് നിന്നു കൊണ്ട് നിലപാട് സ്വീകരിക്കണമെന്നാണ് വിഎസ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് വി.എസ് കേന്ദ്ര നേതൃത്വത്തിന് അയയ്ക്കുന്ന രണ്ടാമത്തെ കത്താണ് ഇത്.

പി.കെ. ശശിക്കെതിരെ ശക്തമായ നടപടി വേണമെന്ന് വി.എസ് നേരത്തെയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നായിരുന്നു പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി കേരള നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതും തുടര്‍ നടപടികള്‍ സ്വീകരിച്ചതും.

സ്ത്രീപീഡന പരാതികള്‍ പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്കെതിരെ ഉയരുന്നതിനെ ഗൗരവമായി കാണണമെന്നും ശക്തവും മാതൃകാപരവുമായ നടപടിയാണ് ശശിക്കെതിരെ എടുക്കേണ്ടതെന്നും വിഎസ് കത്തില്‍ പറയുന്നു.

പി.കെ ശശിക്കെതിരെയുള്ള പരാതി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതിക്കാരി വീണ്ടും രംഗത്തെത്തിയിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നീക്കം. ഇത് സംബന്ധിച്ച് പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

Top