സര്‍ക്കാര്‍ സ്‌കൂളില്‍ സീനിയേഴ്‌സിന്റെ അതിക്രമം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തലസ്ഥാനത്തെ പെണ്‍കുട്ടികള്‍ക്കായുള്ള പ്രധാന സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടികള്‍ക്കു നേരെ സീനിയര്‍ വിദ്യാര്‍ഥികളുടെ അതിക്രമം. സ്‌കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികളടങ്ങുന്ന സംഘമാണ് അഞ്ചിലും എട്ടിലും പഠിക്കുന്ന കുട്ടികളെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. രക്ഷിതാക്കളുടെ പരാതിയില്‍ സംഭവത്തിന് സാദാരണ ഒരു റാഗിംഗിനേക്കാള്‍ ഗൗരവസ്വഭാവമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. മുതിര്‍ന്ന കുട്ടികളുടെ നിയമവിരുദ്ധമായ പ്രവൃത്തികള്‍ക്ക് സാക്ഷിയായ കുട്ടികള്‍ക്കെതിരെയാണ് ഇവരുടെ അതിക്രമമെന്നാണ് പ്രാഥമിക വിവരം.

ശുചിമുറിയില്‍ വെച്ച് അരുതാത്തത് എന്തോ കണ്ട ചെറിയ ക്ലാസിലെ കുട്ടിയെ മൂന്നാം നിലയിലേക്ക് കൊണ്ടു പോയി തള്ളിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മറ്റൊരു കുട്ടിയെ സംഘം ശുചിമുറിയില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്. പരാതിയെ തുടര്‍ന്ന് ഇവരെ പിടിക്കാനായി അധ്യാപകര്‍ കാത്തു നിന്നെങ്കിലും അധ്യാപകരെ വെട്ടിച്ച് ഇവര്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ മ്യൂസിയം പോലീസിന് പരാതി നല്‍കി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞ ദിവസം രാത്രി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അധ്യാപകരുടെ അടിയന്തിര ഓണ്‍ലൈന്‍ മീറ്റിംഗും വിളിച്ചു ചേര്‍ത്തു. സ്‌കൂളിലെ കുട്ടികള്‍ മാത്രമാണോ സംഘത്തിലുള്ളതെന്നും രക്ഷിതാക്കള്‍ക്ക് സംശയമുണ്ട്. സ്‌കൂളില്‍ ലഹരി ഉപയോഗിക്കുന്ന മുതിര്‍ന്ന കുട്ടികളുണ്ടെന്നും സൂചനയുണ്ട്. ഇവരുമായി ബന്ധപ്പെട്ടാണ് പ്രധാനമായി സംശയം ഉയരുന്നത്.

Top