ഐപിഎല്‍ പെരുമാറ്റചട്ട ലംഘനം; ഗ്രൗണ്ടിലിറങ്ങിയ ക്യാപ്റ്റര്‍ കൂളിന് പിഴ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ ധോണിയ്‌ക്കെതിരെ അച്ചടക്കലംഘനത്തിന് പിഴ ഈടാക്കി ഐപിഎല്‍ അച്ചടക്ക സമിതി. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ധോണിയില്‍ നിന്നും പിഴ ഈടാക്കിയത്.

രാജസ്ഥാന്‍ റോയല്‍സ് – ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തില്‍ നോബോള്‍ വിവാദമുണ്ടായപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ഗ്രൗണ്ടിലിറങ്ങിയതും അമ്പയര്‍മാരോട് ദേഷ്യത്തില്‍ സംസാരിച്ചതിനുമാണ് താരത്തിനെതിരെ അച്ചടക്ക ലംഘനത്തിന് ഐപിഎല്‍ അച്ചടക്ക സമിതി രംഗത്തിയിരിക്കുന്നത്.

ധോണിയില്‍ നിന്ന് മത്സര ഫീയുടെ 50 ശതമാനം തുക പിഴ ഈടാക്കിയിരിക്കുകയാണ് ഐപിഎല്‍ അച്ചടക്ക സമിതി. അനാവശ്യമായി ഗ്രൗണ്ടില്‍ പ്രവേശിച്ച ധോണിക്കെതിരെ മത്സര സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത അച്ചടക്ക നടപടികളുണ്ടായേക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.

ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രവൃത്തിക്ക് ധോണിക്ക് പിഴശിക്ഷ വിധിച്ച കാര്യം ഐപിഎല്‍ അധികൃതര്‍ തന്നെയാണ് പത്രക്കുറിപ്പിലൂടെ പുറത്ത് വിട്ടത്. ഇത്തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനം ഇതാദ്യമായി ചെയ്യുന്നത് കൊണ്ടാണ് ഏറ്റവും കുറഞ്ഞശിക്ഷ ധോണിയ്ക്ക് നല്‍കിയത്. എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത ശിക്ഷകള്‍ തന്നെ അദ്ദേഹത്തിന് ലഭിക്കുമെന്നും ഐപിഎല്‍ അധികൃതര്‍ പറഞ്ഞു.

Top