അഡ്വക്കേറ്റ് ആക്ട് ലംഘനം; മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍

കൊച്ചി: ബാര്‍ കൗണ്‍സില്‍ ചട്ടപ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ബിസിനസ് ചെയ്യാന്‍ പാടില്ലെന്ന നിയമം നിലനില്‍ക്കെ ചട്ടലംഘനം നടത്തിയതില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍. അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ 14 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം. മാത്യുവിന്റെ പേരില്‍ ചിന്നക്കനാലില്‍ റിസോര്‍ട്ടുണ്ടെന്നും പ്രാക്ടീസ് ചെയ്യവേ ബിസിനസ് നടത്തിയത് തെറ്റെന്നും ചൂണ്ടിക്കാട്ടിയിരുന്നു പരാതി.

കഴിഞ്ഞ ദിവസമാണ് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ.സി.കെ.സജീവ് എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയത്. കുഴല്‍നാടന്‍ അഭിഭാഷക ധാര്‍മികത ലംഘിച്ചുവെന്നായിരുന്നു പരാതി. കുഴല്‍നാടന്റെ ബിസിനസുകള്‍ അഭിഭാഷക അന്തസിന് നിരക്കാത്തതാണെന്നും സജീവ് ചൂണ്ടിക്കാട്ടുന്നു.

മാത്യുവിന്റെ പേരില്‍ ചിന്നക്കനാലില്‍ റിസോര്‍ട്ട് ഉണ്ട്. മാത്യു കുഴല്‍നാടന്‍, ടോം സാബു, ടോണി സാബു എന്നിവര്‍ക്ക് ‘കപ്പിത്താന്‍സ് ബംഗ്ലാവ്’ എന്ന പേരിലുള്ള റിസോര്‍ട്ടിന് ചിന്നക്കനാല്‍ പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിരുന്നു. ലൈസന്‍സ് അപേക്ഷ നല്‍കിയത് പാര്‍ട്ണര്‍ഷിപ് സ്ഥാപനമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ റൂള്‍ 47 പ്രകാരം എന്റോള്‍ ചെയ്ത അഭിഭാഷകന്‍ ഇത്തരം ബിസിനസുകള്‍ ചെയ്യാന്‍ പാടില്ലെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

Top