കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം; ഈടാക്കുന്ന പിഴ സര്‍ക്കാര്‍ ട്രഷറിയിലേക്ക്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം ഉള്‍പ്പെടെയുള്ളവയിലെ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മംളനത്തില്‍ അറിയിച്ചു. ഇത്തരത്തില്‍ ഈടാക്കുന്ന പിഴത്തുക സര്‍ക്കാര്‍ ട്രഷറിയില്‍ അടയ്ക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ പോലീസിനാണ് ലഭിക്കുന്നതെന്ന രീതിയില്‍ ഒരു പ്രചാരണം വന്നതുകൊണ്ടാണ് ഇത് പറയുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പോലീസ് പിഴ ഈടാക്കുന്നത് നിലവിലുള്ള നിയമപ്രകാരം മാത്രമാണ്. സ്വന്തം ജീവന്‍ പണയം വച്ചുതന്നെയാണ് പോലീസ് നമ്മുടെ നിരത്തുകളില്‍ നിയന്ത്രണം നടപ്പിലാക്കുന്നത്. അതിനവരെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഈ ജോലിത്തിരക്കിനിടയില്‍ ധാരാളം പോലീസുകാര്‍ രോഗബാധിതരാകുന്നുണ്ട്. നിലവില്‍ 375 പോലീസുകാരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 6,987 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,199 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 32,17,400 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

Top