പഞ്ചാബില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചാല്‍ 5000 രൂപ പിഴ

ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തടയാന്‍ കര്‍ശന നടപടികളുമായി പഞ്ചാബ്. ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് പഞ്ചാബില്‍ ഇനി 5000 രൂപ പിഴ ഒടുക്കേണ്ടിവരും. സാമൂഹ്യ അകലം ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയുടെ ഉടമകളും 5000 രൂപ പിഴ ഒടുക്കേണ്ടിവരും. സാമൂഹ്യ അകലം ഉറപ്പാക്കാതെ ജനങ്ങള്‍ കൂട്ടംകൂടുന്ന സാഹചര്യമുണ്ടായാല്‍ 10,000 രൂപ പിഴ ചുമത്തും.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്ന പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ്ങ് പ്രഖ്യാപിച്ചു. മാസ്‌ക് ധരിക്കാത്തതിനും പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിനും പഞ്ചാബില്‍ 500 രൂപവീതം പിഴ നേരത്തെതന്നെ ഈടാക്കുന്നുണ്ട്.

നിലവില്‍ സാമൂഹ്യ അകലം ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും 2000 രൂപയും, ബസ് ഉടമകള്‍ 3000 രൂപയും കാര്‍ ഉടമകള്‍ 2000 രൂപയും ഓട്ടോറിക്ഷക്കാര്‍ 500 രൂപ വീതവും പിഴ ഒടുക്കേണ്ടതുണ്ട്.

നേരത്തെ, ജാര്‍ഖണ്ഡില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും രണ്ട് വര്‍ഷം തടവും ശിക്ഷ വിധിച്ചിരുന്നു. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ജാര്‍ഖണ്ഡ് മന്ത്രിസഭ പാസാക്കി. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്കും മാസ്‌ക് ധരിക്കാത്തവര്‍ക്കും ബാധകമാണ്.

ജാര്‍ഖണ്ഡില്‍ 6,485 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ മരിച്ചു. നിലവില്‍ 3,397 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 3,024 പേര്‍ രോഗമുക്തി നേടി.

Top