ഫെഡറല്‍ തത്വങ്ങളുടെ ലംഘനം’; സിആര്‍പിഎഫിനെ രാജ്ഭവനിലേക്ക് അയച്ചതിനെതിരെ സിപിഐഎം

തിരുവനന്തപുരം: സുരക്ഷാ കാരണത്തിന്റെ പേരില്‍ രാജ്ഭവനിലേക്ക് സിആര്‍പിഎഫിനെ അയച്ചതിനെതിരെ സിപിഐഎം രംഗത്ത്. സംസ്ഥാനങ്ങളുടെ അധികാരത്തിലേക്കുള്ള കേന്ദ്രത്തിന്റെ അതിക്രമമാണിതെന്നും നടപടി ജനാധിപത്യ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്നും അപലപിക്കാന്‍ തയ്യാറാകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് സംശയാസ്പദമെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും സിപിഐഎമ്മും. കൊല്ലത്തെ പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്തിയതും കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശവും പ്രത്യേക നീക്കങ്ങളുടെ ഭാഗമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും കരുതുന്നത്. സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചീഫ് സെക്രട്ടറിയോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയതും സര്‍ക്കാര്‍ സംശയത്തോടെയാണ് കാണുന്നത്.എല്ലാ ജനാധിപത്യ മതേതര വാദികളും ഇത്തരം നീക്കത്തിനെതിരെ ശക്തമായി പ്രതികരിക്കണം. രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണം. കേരളം ഇടതുപക്ഷം ഭരിക്കുന്നുവെന്നതിനാല്‍ കേന്ദ്രനയങ്ങളെ എതിര്‍ക്കാതിരിക്കരുത്. കേന്ദ്രസേനയെ വിന്യസിച്ച നടപടി പിന്‍വലിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

‘ഇന്ത്യ ജനാധിപത്യ മതേതരത്വം ഫെഡറല്‍ രാഷ്ട്രമാണ്. ഫെഡറല്‍ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഇന്നലെ കേന്ദ്രസര്‍ക്കാര്‍ കാണിച്ചത്. തെരുവില്‍ നിന്നും അഭ്യന്തര മന്ത്രിയെ ഫോണില്‍ വിളിക്കുന്നു. ഉടന്‍ തന്നെ സേനയെ അയക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമോ സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടോ ആവണം കേന്ദ്ര സേനയെ വിന്യാസിക്കേണ്ടത്. എന്താണ് ഇവിടെ കാണിച്ചുകൂട്ടുന്നത്. കേന്ദ്രത്തിന്റേത് തെറ്റായ നയമാണ്.’ ഇ പി ജയരാജന്‍ പറഞ്ഞു.

Top