ടൂറിസ്റ്റ് ബസുകളിലെ നിയമലംഘനം; ഇന്ന് മാത്രം 63 കേസുകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ ഇന്ന് മാത്രം രജിസ്റ്റര്‍ ചെയ്തത് 63 കേസുകള്‍. ഓപ്പറേഷന്‍ ഫോക്കസ് ത്രീയില്‍ 87,000 രൂപ പിഴ ഈടാക്കി. സംസ്ഥാനത്തിന്റെ ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളും നിയമലഘനം നടത്തുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്താക്കി.

അനധികൃത രൂപമാറ്റം, സ്പീഡ് ഗവര്‍ണറിലെ കൃത്രിമം, അനധികൃതമായി ഹോണ്‍, ലൈറ്റ്, മ്യൂസിക് സിസ്റ്റം തുടങ്ങിയവ ഘടിപ്പിക്കല്‍ എന്നീ ക്രമക്കേടുകള്‍ ഭൂരിഭാഗം ബസുകളിലും കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോഴിക്കോട് താമരശേരി, തിരുവനന്തപുരം മ്യൂസിയം ജങ്ഷന്‍, ഇടുക്കി ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പരിശോധന നടന്നത്.

വരും ദിവസങ്ങളില്‍ രാത്രി പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം 134 ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് നടപടിയെടുത്തിരുന്നു. വിദ്യാർത്ഥികളുമായി വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിലെ നിയമലംഘനം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് വെള്ളിയാഴ്ച മുതലാണ് ‘ഓപ്പറേഷൻ ഫോക്കസ്-3’ ആരംഭിച്ചത്. അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്‌ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായി സംസ്ഥാനത്ത് മുഴുവനായി മോട്ടോർ വാഹന വകുപ്പ് സ്‌പെഷ്യൽ ഡ്രൈവ് നടത്തുന്നുണ്ട്.

ഒക്ടോബർ 16 വരെയാണ് ഫോക്കസ്-3 നീണ്ടുനിൽക്കും. വിദ്യാഭ്യാസസ്ഥാപന മേധാവികൾ വിനോദ സഞ്ചാരത്തിന് പോകുന്ന വാഹനങ്ങളുടെ വിശദാംശമുൾപ്പെടെയുള്ള യാത്രാ വിവരം അതത് ജോയിന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ /റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർമാരെ മുൻകൂട്ടി അറിയിക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർമാർ വാഹന പരിശോധന നടത്തും. വാഹനം മോട്ടോർ വാഹന നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമാണെന്ന് ഉറപ്പാക്കുകയും സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിന് വേണ്ട ബോധവത്കരണം ഡ്രൈവർക്കും ടീം ലീഡർക്കും നൽകുകയും ചെയ്യും.

Top