സ്‌കൂള്‍ ബസുകളിലും നിയമലംഘനം; മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തി

ലപ്പുറം ജില്ലയില്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിൽ ലൈസന്‍സില്ലാത്തവരും സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്നതായി കണ്ടെത്തി. ഒറ്റദിവസത്തെ പരിശോധനയില്‍ത്തന്നെ ഇത്തരത്തിലുള്ള മൂന്നുപേര്‍ക്കെതിരേ നടപടിയെടുത്തു. ഫിറ്റ്നസ്സില്ലാത്ത വാഹനങ്ങളും സ്‌കൂള്‍ ആവശ്യത്തിനായി ഓടുന്നുണ്ട്. 100 സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിച്ചു.15 സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരേ കേസെടുത്തു.

ഫിറ്റ്നസ് ഇല്ലാത്ത കുട്ടികളെ കൊണ്ടുപോയതിന് ഒരു സ്‌കൂള്‍ ബസ്സിന്റേയും വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച ഒരു ഡ്രൈവറുടേയും പേരില്‍ കേസെടുത്തു. വാതില്‍ അടയ്ക്കാന്‍ സാധിക്കാത്തതും സ്പീഡ് ഗവര്‍ണറും ജി.പി.എസ്സും ഇല്ലാത്തതുമായ നിലമ്പൂരിലെ സ്‌കൂള്‍ വാഹനത്തിന്റെ ഫിറ്റ്നസ് ഉദ്യോഗസ്ഥര്‍ റദ്ദാക്കി. ടാക്‌സ് അടയ്ക്കാത്ത രണ്ട് സ്‌കൂള്‍ ബസുകള്‍ക്കെതിരേ നടപടിയുണ്ടായി. പുക സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ ബസും കൂട്ടത്തിലുണ്ടായിരുന്നു.

പുതിയ അധ്യയനവര്‍ഷത്തിന് മുന്നോടിയായി സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും അധ്യാപകര്‍ക്കും എന്‍ഫോഴ്സ്മെന്റ് വിഭാഗം ബോധവത്കരണക്ലാസുകള്‍ നടത്തിയിരുന്നു. സ്‌കൂളുകള്‍ സന്ദര്‍ശിച്ചും നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്‌കൂള്‍ അധികൃതര്‍ക്ക് സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസവകുപ്പ് അധികാരികള്‍ മുഖേന അയച്ചുകൊടുക്കുകയും പ്രത്യേക യോഗങ്ങള്‍ വിളിച്ച് അവ വിശദീകരിക്കുകയും ചെയ്തിരുന്നു. പലര്‍ക്കും ബോധമുണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്തരം നടപടികളെന്ന് അധികൃതര്‍ പറയുന്നു. സുരക്ഷിതമല്ലാത്ത സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുകയും സ്‌കൂള്‍ അധികൃതര്‍ക്കെതിരേ ദുരന്തനിവാരണവകുപ്പ് പ്രകാരം നടപടിക്ക് ജില്ലാ കളക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്.

Top