നിയമലംഘിക്കുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ കാണരുത്; ഹൈക്കോടതി

കൊച്ചി: റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന ബസുകളുടെ ഫിറ്റ്‌നസ് റദ്ദാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഡ്രൈവറുടെ ലൈസന്‍സും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടു. ജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യത വേണ്ട. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ പൊതുനിരത്തില്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ സ്‌കൂള്‍- കോളേജ് ക്യാമ്പസുകളില്‍ പോലും കയറ്റാന്‍ പാടില്ല. വാഹന പരിശോധനയിലെ വീഴ്ചയില്‍ ഹൈക്കോടതി കേരളാ പോലീസിനേയും വിമര്‍ശിച്ചു. നിയമം തെറ്റിച്ചെന്ന് കണ്ടാല്‍ ബസുകള്‍ ഉടന്‍ പിടിച്ചെടുക്കണം. ഇത്തരം വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വ്‌ളോഗര്‍മാരും കുറ്റക്കാരല്ലേയെന്ന് കോടതി ചോദിച്ചു. നിയമലംഘനം നടത്തിയ വാഹനങ്ങളില്‍ യാത്രയ്ക്ക് അനുമതി നല്‍കുന്ന പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും എതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

നിയമവിരുദ്ധമായ ശബ്ദസംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാം. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ ഇത്തരം ബസുകളില്‍ വിനോദയാത്ര പോകേണ്ടതില്ലെന്നും ഇത്തരം വാഹനങ്ങള്‍ സ്‌കൂളില്‍ പ്രവേശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസിന്റെ വേഗപ്പൂട്ട് അഴിച്ചതില്‍ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

 

 

Top