ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചു; ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കും 2 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും മോട്ടോര്‍ വാഹന നിയമ ഭേദഗതി നിലവില്‍ വന്ന ശേഷം നിരത്തുകളില്‍ കര്‍ശന പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ചുമത്തിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഓവര്‍ലോഡിംഗ് ഉള്‍പ്പെടെ ഒന്നിലധികം നിയമ ലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്കും ഉടമയ്ക്കുമെതിരെ രണ്ട് ലക്ഷം രൂപയാണ് ട്രാഫിക് പൊലീസ് പിഴ ചുമത്തിയത്. ട്രക്ക് ഉടമ പിഴ തുക പൂര്‍ണമായും നല്‍കിയെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്നതിന് ശേഷം ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പിഴ ചുമത്തിയിട്ടുണ്ട്. നിരവധി ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് രാജസ്ഥാനില്‍ 1,41,000 രൂപയും ഒഡീഷയില്‍ 80,000 രൂപയും വരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയിരുന്നു.

പിഴ തുകയുടെ വര്‍ദ്ധനയ്ക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ വരെ കേന്ദ്രത്തിനെതിരെ തിരിഞ്ഞ സാഹചര്യവും ഉണ്ടായി. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക എന്നിവിടങ്ങളില്‍ അമിത പിഴ ചുമത്തില്ലെന്ന് പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു. തുടര്‍ന്ന് പിഴ ചുമത്തുന്ന കാര്യത്തില്‍ അതത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

Top