vinson m paul – commision – stay

കൊച്ചി: വിവരാവകാശ കമ്മിഷണറായി മുന്‍ ഡി.ജി.പി വിന്‍സണ്‍ എം.പോളിനയും മറ്റു കമ്മിഷന്‍ അംഗങ്ങളേയും നിയമിച്ചത് ഹൈക്കോടതി സ്‌റ്റേ ചെയ്തു.

കമ്മിഷന്‍ നിയമനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസില്‍ വിശദീകരണം ആവശ്യപ്പെട്ട്, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതിക്ക് ഹൈക്കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. കേസില്‍ തീര്‍പ്പാകുന്നത് വരെ തത്സ്ഥിതി നിലനിറുത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ഈ മാസം 25നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവരടങ്ങിയ സെലക്ഷന്‍ കമ്മിറ്റി വിവരാവകാശ കമ്മിഷനെ നിയമിക്കാന്‍ തീരുമാനിച്ചത്.

എന്നാല്‍, വിന്‍സണ്‍ എം.പോളിനെ വിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള തീരുമാനത്തില്‍ വി.എസ് വിയോജനം രേഖപ്പെടുത്തിയിരുന്നു. അപേക്ഷകള്‍ ശരിയായി വിലയിരുത്തിയല്ല സമിതി തിരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് വി.എസ് വിയോജനം രേഖപ്പെടുത്തിയത്. 269 അപേക്ഷകളാണ് ആകെ പരിഗണനയ്ക്ക് വന്നത്.

സിബി മാത്യൂസ് ഏപ്രില്‍ 23ന് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം.പോള്‍ നിയമിതനാവുക. അങ്കത്തില്‍ ജയകുമാര്‍, പി.ആര്‍.ദേവദാസ്, ജോയ് സി.ചിറയില്‍, അബ്ദുള്‍ സലാം, എബി കുര്യാക്കോസ് എന്നിവരാണ് കമ്മിഷണര്‍മാരായി നിയമിക്കപ്പെട്ട മറ്റുള്ളവര്‍.

Top