കസ്റ്റംസിനു മുന്നില്‍ ഹാജരാകാതെ വിനോദിനി ബാലകൃഷ്ണന്‍

കൊച്ചി: ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസിന് മുന്നില്‍ ഇന്ന് ഹാജരായില്ല. രാവിലെ 11ന് ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയിരുന്നത്.
വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് ഹാജരാകില്ല എന്നത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കസ്റ്റംസ് അറിയിച്ചു.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിക്കു കോഴയായി സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സുല്‍ ജനറലിനു നല്‍കിയ വില കൂടിയ ഐഫോണ്‍ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നു ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.

ഒരുലക്ഷത്തി പതിമൂവായിരത്തി തൊള്ളായിരം രൂപ വില വരുന്ന ഐഫോണാണിത്. ലൈഫ് മിഷന്‍ പദ്ധതിക്ക് കോഴ നല്‍കാന്‍ ആറ് ഐഫോണുകളാണു സന്തോഷ് ഈപ്പന്‍ വാങ്ങിയത്. ഇതില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഉള്‍പ്പെടെ ഐ ഫോണുകള്‍ കൈപ്പറ്റിയ അഞ്ചു പേരെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ആറാമത്തെ ഐ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിനോദിനിയിലെത്തിയത്. ഈ സിം കാര്‍ഡില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിംഗിനു കരാര്‍ ലഭിച്ച വിവാദ കമ്പനി യുണിഫെക്സിന്റെ ഉടമയെ നിരന്തരം വിളിച്ചിരുന്നതായും കസ്റ്റംസ് കണ്ടെത്തി. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ ഫോണ്‍ വിനോദിനി ഒഴിവാക്കിയിരുന്നു.

Top