മികച്ച നടിയായി ജൂറി തീരുമാനിച്ചത് പാര്‍വതിയെ? തീരുമാനം അട്ടിമറിക്കപ്പെട്ടെന്ന് ആരോപണം

പാലക്കാട്: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിനെതിരെ രൂക്ഷവിമര്‍ശനവുമായി ജൂറി അംഗം വിനോദ് മങ്കര രംഗത്ത്. മികച്ച നടിക്കും ചിത്രത്തിനുമുള്ള പുരസ്‌കാരം അട്ടിമറിച്ചെന്നാണ് വിനോദ് മങ്കര ആരോപിക്കുന്നത്.

മികച്ച നടിയായി പാര്‍വതിയെയും മികച്ച ചിത്രമായി ടേക്ക് ഓഫിനെയുമാണ് ജൂറി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം ഇത് രണ്ടും അട്ടിമറിക്കപ്പെട്ടെന്നും അതെന്തുകൊണ്ടാണെന്ന് വരും ദിവസങ്ങളില്‍ അറിയുമെന്നും അദ്ദേഹം പറയുന്നു.

മികച്ച നടിമാരുടെ പട്ടികയില്‍ ആദ്യഘട്ടത്തില്‍ ശ്രീദേവി ഇല്ലായിരുന്നു. തന്റെ ആദ്യചിത്രത്തിലെ നായികയായത് കൊണ്ടാണോ സര്‍ക്കാര്‍ ഇടപെടല്‍ കൊണ്ടാണോ തീരുമാനം മാറിയതെന്ന് അറിയില്ലെന്നും വിനോദ് മങ്കര പറയുന്നു. ശേഖര്‍ കപൂറിനെപ്പോലൊരു സംവിധായകന്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു എന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ഹിന്ദി ചിത്രമായ മോമിലെ അഭിനയത്തിന് ശ്രീദേവിക്കാണ് മികച്ച നടിക്കുള്ള പുരസ്‌കാരം. വില്ലേജ് റോക്ക്‌സ്റ്റാഴ്‌സ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്.

Top