Vinod kumar murder case; accused punished

court

മലപ്പുറം: വളാഞ്ചേരി ഇന്‍ഡേണ്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ എറണാകുളം എളങ്കുളം വൃന്ദാവനം കോളനി വെട്ടിച്ചിറ സുശൈലത്തില്‍ പന്തനാനിക്കല്‍ ജസീന്ത എന്ന ജ്യോതി (60), കുടുംബ സുഹൃത്തായ ഇടപ്പള്ളി എളമക്കര മാമംഗലം ക്രോസ് റോഡ് ഫ്‌ളവര്‍ എന്‍ക്ലൈവ് നമ്പ്രത്ത് മുഹമ്മദ് യൂസഫ് എന്ന സാജിദ് (51) എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. ഇരുവരും 42,500 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി വിധിച്ചു. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, കുറ്റകൃത്യത്തിനു വേണ്ടി ഒരുമിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്‌തെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ച സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും കോടതി അംഗീകരിച്ചു.

2015 ഒക്‌ടോബര്‍ എട്ടിന് രാത്രി വിനോദ്കുമാറും ഭാര്യയും വാടകയ്ക്ക് താമസിക്കുന്ന ഇരിമ്പിളിയം ആലിന്‍ചുവട് വീട്ടിലാണ് കൊലനടന്നത്. വിനോദ് കുമാറിനു മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ടെന്ന വിവരം ലഭിച്ചതിലുള്ള വിദ്വേഷവും തന്റെ മകനു സ്വത്തുക്കള്‍ നഷ്ടപ്പെടുമോയെന്ന ആശങ്കയുമാണ് ജ്യോതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്.

ഇറ്റാലിയന്‍ പൗരത്വമുള്ള ജ്യോതിയെയും മുഹമ്മദ് യൂസഫിനെയും പ്രതി ചേര്‍ത്ത് വളാഞ്ചേരി സിഐയാണ് മഞ്ചേരി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.

Top