സഞ്ജുവിനെ പുകഴ്ത്തുന്നത് ഇഷ്ടപ്പെടാതെ കാംബ്ലി; അസൂയയെന്ന് ആരാധകര്‍

ന്യൂഡല്‍ഹി: പതിനൊന്നാം ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിരാട് കോലിയെയും മറികടന്ന് ഏറ്റവുമധികം റണ്‍സ് നേടിയ താരമായി കുതിക്കുകയാണ് സഞ്ജു. നിലവില്‍ 239 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം.

സഞ്ജുവിന്റെ പ്രകടനത്തെ കമന്റേറ്റര്‍മാര്‍ വാനോളം പുകഴ്ത്തുന്നുണ്ട്. എന്നാല്‍ ഒരാള്‍ക്ക് ഈ പുകഴ്ത്തല്‍ അത്ര രസിച്ചില്ല. മറ്റാര്‍ക്കുമല്ല, മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലിക്ക്. സഞ്ജുവിന്റെ ആഭ്യന്തരസീസണിലേയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കമന്റേറ്റര്‍മാര്‍ക്ക് വേറൊന്നും പറയാനില്ലേ എന്നാണ് കാംബ്ലി ട്വിറ്ററിലൂടെ ചോദിക്കുന്നത്. ഇവര്‍ക്ക് വേറൊന്നും പറയാനില്ലേ, ഇത് കേട്ട് ബോറടിക്കുന്നു എന്നും കാംബ്ലി പ്രതികരിച്ചു.

കാംബ്ലിയുടെ ട്വീറ്റ് ക്രിക്കറ്റ് ആരാധകര്‍ക്ക് തീരെ രസിച്ചില്ല. കമന്റേറ്റര്‍മാരുടെ ഇടയിലേക്ക് സഞ്ജുവിനെ എന്തിനാണ് വലിച്ചിഴക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സഞ്ജുവിനോട് കാംബ്ലിക്ക് അസൂയയാണെന്നും ചിലര്‍ വിമര്‍ശിക്കുന്നു. മോശം കമന്ററിയാണെങ്കില്‍ താങ്കള്‍ക്ക് കമന്റേറ്ററായിക്കൂടെ എന്നും ചിലര്‍ ചോദിക്കുന്നു.

Top