അര്‍ജന്റീനയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ കളിക്കില്ല

ബ്രസീല്‍: അര്‍ജന്റീനയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിനീഷ്യസ് ജൂനിയര്‍ കളിക്കില്ല. ഇടത് തുടയ്ക്ക് പരിക്കേറ്റ താരത്തിന് മത്സരം നഷ്ടമാകുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. നവംബര്‍ 22 നാണ് അര്‍ജന്റീന-ബ്രസീല്‍ ലോകകപ്പ് യോഗ്യതാ മത്സരം നടക്കുന്നത്.23 കാരനാണ് വിനീഷ്യസ് ജൂനിയര്‍.

റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിന്റെ ഇടത് തുടയുടെ പേശികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായി ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. 2022 ലോകകപ്പ് ചാമ്പ്യന്‍മാരായ അര്‍ജന്റീനയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ നിന്ന് താരത്തെ ഒഴിവാക്കിയതായും പ്രസ്താവനയില്‍ പറയുന്നു.

കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ 27-ാം മിനിറ്റിലാണ് വിനീഷ്യസിന് പരിക്കേറ്റത്. ബ്രസീല്‍ ഒരു ഗോളിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് താരം കളം വിട്ടത്. മത്സരത്തില്‍ ബ്രസീല്‍ 2-1 ന് തോല്‍വി ഏറ്റുവാങ്ങി. ഓഗസ്റ്റ് അവസാനം റയല്‍ മാഡ്രിഡിനായുള്ള ഒരു ലീഗ് മത്സരത്തില്‍ വലത് തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ബ്രസീലിയന്‍ താരത്തിന് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്.

Top