ലാ ലിഗ അധികൃതര്‍ വംശീയ അധിക്ഷേപം തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: കളിക്കാര്‍ക്കുനേരെ ഉയരുന്ന വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയര്‍. കഴിഞ്ഞ ദിവസം ജോസ് സോറില്ല സ്റ്റേഡിയത്തില്‍ നടന്ന റയല്‍ വല്ലഡോലിഡ്- റയല്‍ മാഡ്രിഡ് മത്സരത്തിനിടെ കാണികളില്‍ ഒരുവിഭാഗം വിനിഷ്യസിനെ വംശീയമായി അധിക്ഷേപിക്കുകയും വിനീഷ്യസിനു നേരെ കൈയിലുള്ള സാധനങ്ങള്‍ വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

വെള്ളിയാഴ്ച വല്ലഡോലിഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ റയല്‍ 2-0ന് ജയിച്ചിരുന്നു. മത്സരത്തിനിടെ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടപ്പോളാണ് വിനീഷ്യസിനുനേരെ കാണികളില്‍ ഒരു വിഭാഗം വംശീയ അധിക്ഷേപം ചൊരിയുകയും കൈയിലുള്ള സാധനങ്ങള്‍ താരത്തിനു നേരെ വലിച്ചെറിയുകയും ചെയ്തത്.

ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബിന്‍റെ മത്സരത്തില്‍ പോലും വംശീയ അധിക്ഷേപം നടത്തുന്ന വര്‍ണവെറിയന്‍മാര്‍ സ്റ്റേഡിയത്തിലേക്ക് നിര്‍ബാധം പ്രവേശിക്കുമ്പോഴും ലാ ലിഗ അധികൃതര്‍ അത് തടയാനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വിനീഷ്യസ് ട്വീറ്റില്‍ കുറ്റപ്പെടുത്തി.

എത്രയൊക്കെ അധിക്ഷേപിച്ചാലും തല ഉയര്‍ത്തിപ്പിടിച്ചു തന്നെ നടക്കുമെന്നും മാഡ്രിഡിലെ വിജയങ്ങള്‍ ആഷോഘിക്കുമെന്നും വിനീഷ്യസ് ട്വീറ്റില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തിന് തൊട്ടു മുമ്പ് വാന്‍ഡ മെട്രോപൊളിറ്റന്‍ സ്റ്റേ‍ഡിയത്തിന് പുറത്തുവെച്ച് അത്‌ലറ്റിക്കോ ആരാധകര്‍ വിനീഷ്യസിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു.

സംഭവത്തെ ലാ ലിഗ അധികൃതര്‍ അപലപിച്ചിക്കുകയും ശക്തമായ നടപടിയെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിനീഷ്യസിന്റെ ട്വീറ്റിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി ലാ ലിഗ പ്രസിഡന്റ് ടെബാസ് രംഗത്തെത്തി. വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ വര്‍ഷങ്ങളായി തങ്ങള്‍ പോരാട്ടം നടത്തുകയാണെന്നും എന്നിട്ടും വിനീഷ്യസിന്റെ ഭാഗത്തു നിന്ന് അത്തരമൊരു പ്രതികരണമുണ്ടായത് നിര്‍ഭാഗ്യകരമാണെന്നും ടെബാസ് ട്വീറ്റീല്‍ പറ‌ഞ്ഞു.

Top