‘ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കുമോ?’; വിനേഷ് ഫോഗട്ട്

ന്യൂഡൽഹി : സമരം നടത്തുന്ന പെൺകുട്ടികൾക്ക് നീതി ലഭിക്കുമോ എന്ന ചോദ്യവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ട്വിറ്ററിലൂടെയാണ് അവർ ചോദ്യം ഉന്നയിച്ചത്. ‘‘ഭീഷണിയുടെയും ഭയത്തിന്റെയും അന്തരീക്ഷത്തിൽ പെൺകുട്ടികൾക്ക് നീതി ലഭിക്കുമോ?’’– അവർ ട്വിറ്ററിൽ കുറിച്ചു. നീതി കിട്ടാൻ വൈകുന്നതിലൂടെ പെൺകുട്ടികളുടെ ആത്മധൈര്യം ചോർന്നുപോകാതിരിക്കട്ടെയെന്നും അവർ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന് എതിരായ ലൈംഗികാതിക്രമ കേസിൽ പരാതി നൽകിയ 17 വയസ്സുകാരിയായ ഗുസ്തി താരത്തിന്റെ പിതാവ് മൊഴി മാറ്റിയിരുന്നു. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു പരാതി നൽകിയതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ട് നീതി ലഭിക്കുമോ എന്ന ചോദ്യം ഉന്നയിച്ചത്.

ഇതിനിടെ, കർഷകസമരം പോലെ ഗുസ്തിതാരങ്ങളുടെ സമരം കൈവിട്ടു പോകുമോ എന്ന ആശങ്കയിൽ കേന്ദ്രസർക്കാർ ഒത്തുതീർപ്പു ചർച്ചകൾ ഊർജിതമാക്കി. ജാട്ട് മേഖലകളിൽ സർക്കാർ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നതാണു പാർട്ടിയെ ആശങ്കപ്പെടുത്തുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങി താരങ്ങളെ തിരിച്ചു ജോലിയിൽ കയറാൻ പ്രേരിപ്പിച്ചിരുന്നു. അതിനു പിന്നാലെ കായികമന്ത്രി അനുരാഗ് ഠാക്കൂറും മണിക്കൂറുകൾ നീണ്ട ചർച്ച സമരക്കാരുടെ നേതാക്കളായ ബജ്റങ് പുനിയ, സാക്ഷി മാലിക് എന്നിവരുമായി നടത്തി. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി ഈ മാസം 15ന് അകം തീരുമാനമാകുമെന്ന ഉറപ്പു കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്.

Top