‘വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍’; നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്ന് ഭീഷണി !

വിനീത് ശ്രീനിവാസന്‍ വീട്ടു തടങ്കലില്‍’ വളരെ വ്യത്യസ്തമായ സിനിമാ പ്രൊമോഷനിലൂടെ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരിക്കുകയാണ് വിനീതിന്റെ പുത്തന്‍ ചിത്രം. ഇന്ന് വിനീത് ശ്രീനിവാസന്റെ പിറന്നാള്‍ ദിവസം വൈകിട്ട് ഏഴ് മണിക്ക് പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തിവിടുമെന്നുള്ള അറിയിപ്പാണ് സിനിമാലോകത്ത് ശ്രദ്ധ നേടുന്നത്.

ചലച്ചിത്ര എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ നായകനാകുന്നു. സിനിമയില്‍ വിനീത് അഭിനയിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് അഭിനവിന്റെ ഭീഷണി. ഇതിന് പ്രേരിപ്പിച്ച് വിനീതിനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലാക്കി എന്ന് ചക്രഭൂമി ഡെയ്ലിയില്‍ പറയുന്നു. സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്ററിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള രസകരമായ പത്രവാര്‍ത്ത ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

ഫീല്‍ഗുഡ് സിനിമകളില്‍ മാത്രം അഭിനയിച്ചു മുന്നോട്ട് പോയിരുന്ന എളിയ കലാകാരന്‍ ആയ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടില്‍ തടങ്കലിലിട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്‍ഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നില്‍ എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആണെന്ന് ഇതിനോടകം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.ടൊവിനോ തോമസ്, അജു വര്‍ഗീസ് അടക്കമുള്ള ഒട്ടനവധി മുന്‍നിര നേതാക്കളുടെ നല്ല സീനുകള്‍ ഒരു കാര്യവുമില്ലാതെ നിഷ്‌കരുണം വെട്ടിക്കളയുന്ന ഒരു സൈക്കോ ആണിയാള്‍ എന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനായി അഭിനയിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലും എന്നാണ് ഭീഷണി.

ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ വിനീത് ശ്രീനിവാസന്‍ പറഞ്ഞതിങ്ങനെ: നാളെ വെകീട്ട് 7 പിഎമ്മിന് സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തു വരുന്നതുവരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവന്റെ തീരുമാനം. ഭീഷണിയ്ക്ക് വഴങ്ങിക്കൊടുക്കുക എന്നല്ലാതെ ഒരു മാര്‍ഗവും എന്റെ മുന്നില്‍ ഇല്ല.’

 

Top