വിനീത് ശ്രീനിവാസൻ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് തമിഴിലേക്ക്

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത പുതിയ ചിത്രം മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് മികച്ച അഭിപ്രായവുമായി തിയേറ്ററുകളിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ഒരു ദേശീയമാധ്യമമാണ് ഇതുസംബന്ധിച്ച് വാർത്ത പുറത്തുവിട്ടത്.

മുകുന്ദൻ ഉണ്ണിയുടെ റീമേക്ക് അവകാശത്തിനായി നിർമാതാക്കൾ അണിയറ പ്രവർത്തകരെ സമീപിച്ചതായിട്ടാണ് റിപ്പോർട്ട്. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്.

2024 ൽ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകാമെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. കുടുംബ പ്രേക്ഷകർ ഉൾപ്പെടെ സിനിമ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും വിനീത് ശ്രീനിവാസൻ വ്യക്തമാക്കി. സിനിമയിൽ മുകുന്ദൻ ഉണ്ണിയുടെ കഥാപാത്രത്തിന് ഗ്ലോറിഫിക്കേഷൻ ഇല്ലെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക് പറഞ്ഞു. ഇതാണ് ലോകത്ത് നടക്കുന്നത്. ആ കാര്യം ആലോചിക്കുന്നത് നന്നായിരിക്കും എന്നാണ് പറഞ്ഞു വെച്ചത്. യൂട്യൂബിലൂടെയും, ആർട്ടിക്കിൾ നോക്കിയും സിനിമയ്ക്കായി റിസർച്ച് ചെയ്തു. വളരെ ക്ലാരിറ്റിയോടെയാണ് സിനിമ ചെയ്തതെന്നും നെഗറ്റീവ് മെസ്സേജ് സിനിമയിൽ നൽകുന്നില്ലെന്നും സംവിധായകൻ പറഞ്ഞു.

Top