തന്നെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അവാർഡിന് അർഹനാക്കിയവർക്ക് നന്ദി പറഞ്ഞ് വിനീത്

സംസ്ഥാന അവാർഡിന് തന്നെ അർഹനാക്കിയവർക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ വിനീത്. ഇന്നലെ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം വിനീത് നേടിയിരുന്നു.

‘ലൂസിഫർ’ എന്ന സിനിമയിൽ പ്രതിനായക കഥാപാത്രമായ ബോബിയായി അഭിനയിച്ച ബോളിവുഡ് താരം വിവേക് ഒബ്റോയിക്ക് ശബ്‍ദം പകർന്നതിനും ‘മരക്കാർ-അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമയിൽ ആനന്ദൻ ആയി അഭിനയിച്ച അര്‍ജുന് ശബ്‍ദം നൽകിയതിനുമാണ് വിനീതിന് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ തനിക്ക് ലഭിച്ച പുരസ്കാരത്തിനും ആശംസയ്ക്കുമൊക്കെ നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിനീത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനീത് നന്ദി പ്രകാശനം നടത്തിയിരിക്കുന്നത്.

2019ലെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൻ്റെ ജൂറിക്കും സംസ്ഥാന ഗവൺമെൻ്റിനും ഹൃദയം നിറഞ്ഞ നന്ദിയെന്ന് വിനീത് കുറിച്ചു. ലൂസിഫറിൻ്റെയും മരക്കാറിൻ്റെയും ടീമിന് നന്ദിയെന്നും ലാലേട്ടനും പ്രിയേട്ടനും ആൻ്റണി പെരുമ്പാവൂരിനും പൃഥ്വിരാജിനും മുരളി ഗോപിക്കുമൊക്കെ നന്ദിയെന്നും ലൂസിഫറിൻ്റെ അസോസിയേറ്റ് ഡയറക്ടർക്കും നന്ദിയെന്നും വിനീത്.https://m.facebook.com/story.php?story_fbid=10158583039475569&id=579500568

സുഹൃത്തുക്കളുടെയും വെൽ വിഷേർസിൻ്റെയും സ്നേഹ നിർഭരമായ ആശംസകൾക്ക് നന്ദിയെന്നും സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ എന്നും വിനീത് ഫേസ്ബുക്കിൽ കുറിച്ചു.

Top