ഗോകുലം കേരള എഫ് സി ഹെഡ് കോച്ചായി വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെ തുടരും

കോഴിക്കോട്: ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ അന്നീസെയുമായിട്ടുള്ള കരാര്‍ പുതുക്കി. ഇതോടെ അടുത്ത സീസണിലും ഇറ്റലി സ്വദേശിയായ കോച്ച് ഗോകുലത്തില്‍ തുടരും.’ഗോകുലം കുടുംബത്തില്‍ തുടരുവാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്. ഈ പ്രാവശ്യം നമ്മള്‍ക്ക് ഐ ലീഗ് ഡിഫന്‍ഡ് ചെയുകയും എഫ് സി കപ്പില്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യണം,’ വിന്‍സെന്‍സോ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഗോകുലത്തില്‍ ചേര്‍ന്ന വിന്‍സെന്‍സോ, ഗോകുലത്തില്‍ വ്യത്യസ്തമായ ആക്രമണ ഫുട്‌ബോളാണ് കളിപ്പിച്ചത്. 15 കളികളില്‍ ഒമ്പതും വിജയിച്ച ഗോകുലം, ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ സ്‌കോര്‍ ചെയ്ത ടീമാണ്. ഐ ലീഗ് വിജയത്തോടെ കേരളത്തില്‍ നിന്നും ആദ്യമായി എ എഫ് സി കപ്പ് യോഗ്യത നേടുന്ന ടീമായി മാറി ഗോകുലം.

‘ഗോകുലത്തിന്റെ വിജയത്തില്‍ മുഖ്യ പങ്കു വഹിച്ച ഹെഡ് കോച്ചിന് അടുത്ത കൊല്ലവും ഇവിടെ തുടരുവാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്. അദ്ദേഹത്തിന് എ എഫ് സി കളിക്കുവാന്‍ ഞങ്ങളുടെ ഏവരുടെയും പിന്തുണ ഉണ്ടായിരിക്കുന്നതാണെന്ന് ഗോകുലം കേരള എഫ് സി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ പറഞ്ഞു.

‘ഗോകുലം കേരള എഫ് സി വിന്‍സെന്‍സോയുമായ് ചേര്‍ന്നിട്ടു വരുന്ന സീസണിലും കേരള ഫുട്‌ബോളിന് പുതിയ നേട്ടങ്ങള്‍ കൈവരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നതായി ഗോകുലം കേരള എഫ് സി, സി.ഇ.ഒ ബി. അശോക് കുമാര്‍ പറഞ്ഞു.

 

Top