‘പത്തൊന്‍പതാം നൂറ്റാണ്ടി’ന് തിരിതെളിഞ്ഞു; ചിത്രീകരണം ഉടൻ

വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’ന്റെ പൂജ എറണാകുളം ഗോകുലം പാര്‍ക്ക് ഹോട്ടലില്‍ വച്ച് നടന്നു. ചിത്രത്തിലെ താരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കുമൊപ്പം സംവിധായകന്‍ ജോഷി, സുരാജ് വെഞ്ഞാറമൂട്, രാഘവന്‍, നിയസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങിൽ പങ്കെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ സിജു വില്‍സണ്‍ ആണ് നായകനായെത്തുന്നത്. ആറാട്ടുപുഴ വേലായുധ പണിക്കരെയാണ് ചിത്രത്തിൽ സിജു അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആറ് മാസമായി ഈ വേഷത്തിനായി കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിക്കുകയാണ് സിജു.

‘തന്‍റെ സ്വപ്ന പ്രോജക്ട്’ എന്ന് വിനയന്‍ പറഞ്ഞിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കും. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തിയറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ, മണിക്കുട്ടന്‍, വിഷ്ണു വിനയ്, സ്ഫടികം ജോര്‍ജ്, സുനില്‍ സുഖദ, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ഗോകുലന്‍, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയചന്ദ്രന്‍, പത്മകുമാര്‍, മുന്‍ഷി രഞ്ജിത്ത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കദായു, രേണു സുന്ദര്‍, ദുര്‍ഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് പൂര്‍ത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാര്‍, കലാസംവിധാനം അജയന്‍ ചാലിശ്ശേരി. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Top