പ്രിയ നേതാവിനെ മരണത്തിലും പിന്തുടര്‍ന്ന വിനയന് നാടിന്റെ അന്ത്യാജ്ഞലി

വള്ളിക്കുന്ന്: പ്രിയ നേതാവ് ആര്യാടന്‍ മുഹമ്മദിനെ മരണത്തിലും പിന്തുടര്‍ന്ന എം.പി വിനയന് നാടിന്റെ അന്ത്യാഞ്ജലി. ആര്യാടന്റെ ആശയത്തിനൊപ്പം അടിയുറച്ചു നിന്ന വള്ളിക്കുന്നിലെ കോണ്‍ഗ്രസ് നേതാവായിരുന്നു എം.പി വിനയന്‍. ഒപ്പം നിന്നവരൊക്കെ ചേരിമാറി സ്ഥാനമാനങ്ങള്‍ സ്വന്തമാക്കിയപ്പോഴും ജീവിതാന്ത്യം വരെ ആര്യാടനൊപ്പമായിരുന്നു വിനയന്‍. ആര്യാടന്‍ മുഹമ്മദിന് മലപ്പുറം ഡി.സി.സിയില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച ശേഷമാണ് കരള്‍ രോഗ ബാധിതനായ വിനയന്‍ രോഗം മൂര്‍ഛിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ജീവന്‍ വെടിഞ്ഞത്. ആര്യാടന്‍ മരണപ്പെട്ട ആശുപത്രിയില്‍ തന്നെയായിരുന്നു വിനയന്റെ മരണമെന്നതും മറ്റൊരു അപൂര്‍വ്വതയാണ്. വള്ളിക്കുന്നിലെ രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ നൂറുകണക്കിനാളുകളാണ് ഇന്നലെ അരിയല്ലൂരിലെ മലയംപറമ്പത്തെ വീട്ടിവളപ്പിലെ സംസ്‌ക്കാര ചടങ്ങിന് സാക്ഷികളായത്. പിതാവിന്റെ രാഷ്ട്രീയ ശിഷ്യന്റെ സംസ്‌ക്കാര ചടങ്ങുകളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും വസതിയിലെത്തിയിരുന്നു. ആര്യാടന്റെ വിയോഗത്തിനു ശേഷം ഷൗക്കത്ത് പങ്കെടുക്കുന്ന നിലമ്പൂരിന് പുറത്തുള്ള ചടങ്ങായിരുന്നു ഇത്.

തിരൂരങ്ങാടി ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായി കോണ്‍ഗ്രസ് സംഘടനാ രംഗത്ത് നേതൃത്വം വഹിച്ചപ്പോഴും ഒരു പഞ്ചായത്തംഗമാകാന്‍പോലും വിനയന്‍ പരിശ്രമിച്ചിരുന്നില്ല. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ തനിക്കായി പാര്‍ട്ടി മത്സരിക്കാനായി വെച്ചുനീട്ടിയ സീറ്റുകള്‍ സഹപ്രവര്‍ത്തകര്‍ക്കുവേണ്ടി വിട്ടു നല്‍കിയാണ് വിനയന്‍ വ്യത്യസ്ഥനായത്. അരിയല്ലൂര്‍ എം.വി.ഹൈസ്‌ക്കൂളില്‍ കെ.എസ്.യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയായിട്ടായിരുന്നു പൊതുരംഗത്ത് സജീവമായത്. രാഷ്ട്രീയത്തിനൊപ്പം ഫുട്‌ബോളിലും കഴിവുതെളിയിച്ചു. അരിയല്ലൂര്‍ മനോഹര്‍ പ്ലയേഴ്‌സ് ക്ലബിന്റെ ക്യാപ്റ്റനായ വിനയന്‍ പല ടൂര്‍ണമെന്റുകളിലും ടീമിന് ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തിട്ടുണ്ട്.

വള്ളിക്കുന്ന പഞ്ചായത്ത് വനിതാ സഹകരണ സംഘം, തിരൂര്‍ താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി ബ്ലോക്ക് കോക്കനട്ട് പ്രൊസസിങ് സൊസൈറ്റി എന്നിവ കെട്ടിപ്പടുക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കിയിരുന്നു. തിരൂരങ്ങാടി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്, തിരൂരങ്ങാടി ബ്ലോക്ക് കോക്കനട്ട് പ്രൊസസിങ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള ദേശീയ വേദിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലും കഴിവുതെളിയിച്ചു. അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹൈസ്‌ക്കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിപ്പിക്കുന്നതിന് പിന്നിലും വിനയന്റെ പരിശ്രമങ്ങളുണ്ടായിരുന്നു. മുന്‍ മന്ത്രി എ.പി അനില്‍കുമാര്‍ എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് ഇ. മുഹമ്മദ്കുഞ്ഞി എന്നിവരും വസതിയിലെത്തി അനുശോചനം അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി കെ. ബാബു എന്നിവര്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

വിനയന്റെ ജീവിതം രാഷ്ട്രീയ സത്യസന്ധതയുടെ പാഠം: ആര്യാടന്‍ ഷൗക്കത്ത്

വള്ളിക്കുന്ന്: പുതുതലമുറ പകര്‍ത്തേണ്ട രാഷ്ട്രീയ സത്യസന്ധതയുടെ പാഠമാണ് വള്ളിക്കുന്നിലെ കോണ്‍ഗ്രസ് നേതാവ് എം.പി വിനയന്റെ ജീവിതമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. തന്റെ പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നിന്ന വിനയന്‍ ഒരിക്കലും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അവ കൈവിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അരിയല്ലൂരില്‍ നടന്ന സര്‍വകക്ഷി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുന്‍ അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ലത്തീഫ് കല്ലിടുമ്പന്‍ ആധ്യക്ഷം വഹിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കളി, ജനറല്‍ സെക്രട്ടറി ഡോ. യു.കെ അഭിലാഷ്, സെക്രട്ടറി പി. നിധീഷ്, ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി, വള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണന്‍ എ.പി സിന്ധു, കെ. അയ്യപ്പുട്ടി, നിസാര്‍ കുന്നുമ്മല്‍, എന്‍.വി ഹരിദാസന്‍, ബാബു പള്ളിക്കര, മൂച്ചിക്കല്‍ കാരിക്കുട്ടി, പഞ്ചായത്തംഗങ്ങളായ ചേലക്കല്‍ ഉഷ, സച്ചിദാനന്ദന്‍, സുനിലത്ത് ആബിദ്, വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് എം.കെ ഷറഫുദ്ദീന്‍, അശോകന്‍ മേച്ചേരി, എ.എം ഭക്തവത്സലന്‍, തിരുങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്. എന്‍.പി ഹംസക്കോയ, തറോല്‍ കൃഷ്ണകുമാര്‍, ബാലമുരളി, വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി. ഉണ്ണിമൊയ്തു, ഒ. ലക്ഷ്മി, അനിതദാസ്, കുഴികാട്ടില്‍ രാജന്‍, മംഗലശേരി രവി, എ.കെ പ്രബീഷ്, കെ.പി പ്രമോദ് പ്രസംഗിച്ചു.

Top