വിനായകന്റെ സിനിമ; ‘ജയിലറി’നെ പുകഴ്ത്തി വി ശിവന്‍കുട്ടി

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായെത്തുന്ന ‘ജയിലര്‍’ ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ‘ജയിലറി’നെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലര്‍ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മന്ത്രി സിനിമയെ പറ്റി കുറിച്ചത്.

‘ഈ ചിത്രത്തിന് നിരവധി മാനങ്ങള്‍ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..’, എന്നാണ് വി ശിവന്‍കുട്ടി കുറിച്ചത്. ഒപ്പം ജയിലറില്‍ രജനികാന്തും വിനായകനും നേര്‍ക്കുനേര്‍ വരുന്നൊരു ഫോട്ടോയും അദ്ദഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്. വിനായകനെ പുകഴ്ത്തി കൊണ്ടുള്ളതാണ് ഭൂരിഭാഗം കമന്റും.

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ജയിലറില്‍ വര്‍മ്മ എന്ന പ്രതിനായ വേഷത്തില്‍ ആണ് വിനായകന്‍ എത്തിയത്. ക്രൂരനായ വില്ലനൊപ്പം തന്നെ അദ്ദേഹത്തിന്റെ കോമഡിക്കും കയ്യടി ഏറെയാണ്. മുത്തുവേല്‍ പാണ്ഡ്യനൊപ്പം കട്ടയ്ക്ക് നിന്ന വര്‍മ്മയാണ് സമീപകാലത്തെ ഏറ്റവും മികച്ച വില്ലന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്.

Top