വിനായകന്‍ ചിത്രം ‘തൊട്ടപ്പന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

കിസ്മത് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെയും നിരൂപകരുടേയുമെല്ലാം അഭിനന്ദനവും ശ്രദ്ധയും നേടിയെടുത്ത സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടിയുടെ രണ്ടാമത്തെ ചിത്രം എത്തുന്നു. പ്രശസ്ത നടന്‍ വിനായകനെ നായകനാക്കി ആണ് ഷാനവാസ് ബാവക്കുട്ടി തന്റെ രണ്ടാമത്തെ ചിത്രം ഒരുക്കുന്നത്. തൊട്ടപ്പന്‍ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഒരു കുഞ്ഞിനെ എടുത്തു നില്‍ക്കുന്ന വിനായകന്റെ ചിത്രം ആണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ ആകര്‍ഷണം.

ദേവദാസ് കാടഞ്ചേരി, ശൈലജ മണികണ്ഠന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രം എഴുതിയിരിക്കുന്നത് പ്രശസ്ത തിരക്കഥ രചയിതാവായ പി എസ് റഫീഖ് ആണ്. സുരേഷ് രാജന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ലീല എല്‍, ഗിരീഷ് കുട്ടന്‍ എന്നിവരാണ്. ജിതിന്‍ മനോഹര്‍ ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.

അടുത്ത വര്‍ഷം ആയിരിക്കും ഈ ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രമായ ജെല്ലിക്കെട്ടിലും വിനായകന്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. അത് കൂടാതെ കരിന്തണ്ടന്‍ എന്നൊരു ബിഗ് ബജറ്റ് ചിത്രവും വിനായകനെ വെച്ച് പ്ലാനിംഗ് നടന്നു കൊണ്ടിരിക്കുകയാണ്.

Top