രജനീകാന്തിന്‍റെ ‘ജയിലറി’ൽ മലയാളത്തിന്റെ വിനായകനും

പ്രഖ്യാപന സ‌മയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് ‘ജയിലർ’. ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ പല ദിക്കുകളിൽ നിന്നും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ ജയിലറിൽ മലയാള താരം വിനായകൻ അഭിനയിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റും എന്റർടെയ്ന്റ്മെന്റ് ട്രാക്കറുമായ ശ്രീധർ പിള്ളയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. “സൂപ്പർസ്റ്റാർ രജനികാന്തിന്റെ ജയിലറിൽ മലയാള നടൻ വിനായകന് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു”, എന്നാണ് ശ്രീധർ പിള്ള ട്വിറ്ററിൽ കുറിച്ചത്. വില്ലൻ കഥാപാത്രത്തെ ആകും വിനായകൻ കൈര്യം ചെയ്യുകയെന്നാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകൾ. എന്നാൽ വിനായകൻ ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണുകളില്‍ ഗൗരവം നിറച്ച് നടന്നടുക്കുന്ന ലുക്കിലായിരുന്നു രജനീകാന്ത് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്.ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍, പേര് സൂചിപ്പിക്കുന്നതുപോലെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുകയെന്നാണ് വിവരം. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. തമന്നയാണ് നായികയായി എത്തുന്നതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തവരേണ്ടതുണ്ട്. രമ്യാ കൃഷ്‍ണനും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ‘പടയപ്പ’ എന്ന വന്‍ ഹിറ്റിന് ശേഷം 23 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് രജനികാന്തും രമ്യാ കൃഷ്‍ണനും ഒന്നിക്കുന്നത്. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ.

Top