വിനായക നിമഞ്ജനം പരിസ്ഥിതിയ്ക്ക് ഭീഷണി; ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തുപൊങ്ങി

മുംബൈ: ഗണേശോത്സവ നിമഞ്ജന ചടങ്ങ് കഴിഞ്ഞ മുംബൈയിലെ കടല്‍ തീരത്ത് ആയിരക്കണക്കിന് മത്സ്യങ്ങള്‍ ചത്തടിഞ്ഞതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 20,21 തീയതികളിയിലായാണ് കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തീരത്ത് ചത്ത് പൊങ്ങിയത്.

നിമജ്ഞന ചടങ്ങ് കഴിഞ്ഞ് കടല്‍തീരം വൃത്തിയാക്കാന്‍ വന്ന വോളണ്ടിയര്‍മാരാണ് മത്സ്യങ്ങള്‍ ചത്തു പൊങ്ങിയത് കണ്ടെത്തിയത്.

പ്ലാസ്റ്റര്‍ ഓഫ് പാരിസ് കൊണ്ട് ഉണ്ടാക്കിയ ഗണേശ വിഗ്രഹങ്ങള്‍ കടലില്‍ നിമജ്ജനം ചെയ്തതാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇത്തരം വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കുന്നത് വലിയ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

വിഗ്രഹങ്ങള്‍ കടല്‍വെള്ളത്തെ മലിനമാക്കുകയും കടല്‍ജീവികളുടെ നാശത്തിന് ഇത് കാരണമാകുകയും ചെയ്യും. വിഗ്രഹങ്ങള്‍ കടലില്‍ ഒഴുക്കി ഒന്നോ രണ്ടോ മാസങ്ങള്‍ കഴിയുമ്പോഴാണ് ഇതിന്റെ അനന്തര ഫലങ്ങള്‍ മനസ്സിലാകുക.

പ്ലാസ്റ്റര്‍ ഓഫ് പാരിസുകൊണ്ട് ഉണ്ടാക്കിയ വിഗ്രഹം മാത്രമല്ല ഇതോടൊപ്പമുള്ള പ്ലാസ്റ്റിക് കവറുകള്‍കൊണ്ടും മറ്റും ഉണ്ടാക്കിയ പുഷ്പങ്ങളും അലങ്കാര വസ്തുക്കളും എല്ലാം കടലിനെ മലിനമാക്കും.

വിഗ്രഹങ്ങള്‍ തയ്യാറാക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റര്‍ ഓഫ് പാരിസും നിറങ്ങളും പെട്ടെന്ന് വെള്ളത്തില്‍ ലയിക്കില്ല. ജീര്‍ണ്ണിക്കുകയും ഇല്ല. ജലജന്തുക്കളെ ഇത് സാരമായി തന്നെ ബാധിക്കും. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് സൈന്റിഫിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്.

ഗണേശ ചതുര്‍ത്ഥി ഏറ്റവും കൂടുതല്‍ ആഘോഷിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. ആഘോഷങ്ങള്‍ക്കായി ഗണപതിയുടെ വിവിധ വര്‍ണത്തിലുള്ള പ്രതിമകള്‍ ഭക്തര്‍ നിര്‍മ്മിക്കുകയും അവ പത്ത് ദിവസം പൂജയും പുഷ്പങ്ങളും അര്‍പ്പിക്കുകയും ചെയ്യും. നാല് ഘട്ടങ്ങളിലായി നടത്തുന്ന പൂജകളുടെ അവസാനത്തെ ദിവസത്തില്‍ ഗണേശ വിഗ്രഹം നദിയിലോ കടലിലോ ഒഴുക്കുകയുമാണ് ചെയ്യുന്നത്.

Top