‘എനിക്ക് ശ്വസിക്കാനാവുന്നില്ല ‘; ബ്രഹ്‍മപുരം വിഷയത്തില്‍ പ്രതികരണവുമായി വിനയ് ഫോര്‍ട്ട്

ബ്രഹ്‍മപുരം തീപിടിത്തത്തിൽ കൊച്ചി വീർപ്പുമുട്ടുന്നതിനിടെ വിഷയം സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ഇപ്പോഴിതാ ചലച്ചിത്ര താരങ്ങളും വിഷയത്തിൽ തങ്ങളുടെ അഭിപ്രായവും പ്രതിഷേധവുമൊക്കെ അറിയിച്ച് രംഗത്തെത്തി തുടങ്ങിയിട്ടുണ്ട്. നടൻ വിനയ് ഫോർട്ട് ആണ് പ്രതികരണം അറിയിച്ചിരിക്കുന്ന ഒരാൾ. ഫേസ്ബുക്ക് പേജിൽ തൻറെ പ്രൊഫൈൽ പിക്ചർ മാറ്റിയാണ് വിനയ് തൻറെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

എനിക്ക് ശ്വസിക്കാനാവുന്നില്ല, എന്ന് ആലേഖനം ചെയ്ത മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിൻറെ ചിത്രീകരണമാണ് പ്രൊഫൈൽ പിക്ചർ ആയി വിനയ് ഫോർട്ട് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തിൽ ഉണ്ട്. കനത്ത തോതിലുള്ള വായു മലിനീകരണം നടന്ന സാഹചര്യത്തിൽ കരുതിയിരിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ച് പറഞ്ഞ് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വസിക്കുന്ന എല്ലാവരോടും, നിങ്ങളുടെ കുട്ടികളുടെയും നിങ്ങളുടെയും സുരക്ഷിതത്വത്തിൻറെ കാര്യം ശ്രദ്ധിക്കാൻ ഞാൻ അഭ്യർഥിക്കുന്നു. ബ്രഹ്‍മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ അടുത്തിടെയുണ്ടായ തീപിടുത്തം കാരണം വീടിന് പുറത്തിറങ്ങുമ്പോൾ ബന്ധപ്പെട്ട അധികൃതർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷിതത്വം ശ്രദ്ധിക്കുക. വായുമലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കരുതിയിരിക്കുക, എന്നായിരുന്നു ഉണ്ണി മുകുന്ദൻറെ ഫേസ്ബുക്ക് കുറിപ്പ്.

Top