‘വിമാന’ത്തിന്റെ സൗജന്യ പ്രദര്‍ശനം ; വിമര്‍ശനവുമായി നിരവധി പേര്‍ രംഗത്ത്

പൃഥ്വിരാജ് നായകനായി എത്തിയ വിമാനം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയ വിമാനത്തിന്റെ ആദ്യ രണ്ട് ഷോ ക്രിസ്മസ് ദിവസത്തില്‍ എല്ലാവരേയും സൗജന്യമായി കാണാന്‍ അനുവദിച്ചിരുന്നു.

എന്നാല്‍ ഇത്തരത്തിലുള്ള സൗജന്യ പ്രദര്‍ശനങ്ങള്‍ സിനിമാ മേഖലയെ പിന്നോട്ടടിക്കുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

മലയാള സിനിമയിലാദ്യമായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നും, ഇങ്ങനെ സൗജന്യമായി സിനിമ കാണിക്കാന്‍ തുടങ്ങിയാല്‍ അത് മറ്റ് നിര്‍മാതാക്കളേയും വ്യവസായത്തെയും ബാധിക്കുമെന്നും നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

സിനിമയുടെ മൂല്യത്തെ തന്നെ മോശകരമായി ബാധിക്കുന്ന തീരുമാനമാണിതെന്നാണ് ബൈജു കൊട്ടാരക്കരയുടെ അഭിപ്രായം.

ഈ പ്രവണത സിനിമയെ തകര്‍ക്കുമെന്ന് സംവിധായകന്‍ വിനോദ് മങ്കര പറയുമ്പോള്‍ പണമുള്ള നിര്‍മാതാക്കള്‍ക്ക് മാത്രമേ ഇത് സാധിക്കൂ എന്ന് നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പറഞ്ഞു.

നവാഗതനായ പ്രദീപ് എം. നായര്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ചിത്രം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിച്ചത്.

Top