ദോക്‌ലാമില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ദോക്‌ലാമില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. യാതൊരു വിധത്തിലുള്ള സൈനിക വിന്യാസങ്ങളും അതിര്‍ത്തിയിലുണ്ടായിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല്‍ സൈന്യത്തെ വിന്യസിച്ചും ടാങ്കുകളും മറ്റ് യുദ്ധസാമഗ്രികള്‍ അതിര്‍ത്തിയിലേയ്ക്ക് എത്തിച്ചും ചൈന നീക്കം നടത്തുന്നു എന്ന പശ്ചാത്തലത്തില്‍ ഇന്ത്യയും ചില നീക്കങ്ങള്‍ നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ ഇന്ത്യയുമായി ഒത്തുതീര്‍പ്പിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ട് ചൈന നിരസിച്ചു. അതിര്‍ത്തിയില്‍ നിന്ന് 250 മീറ്റര്‍ പിന്നോട്ട് പോകണമെന്ന് ചൈനയോട് ഇന്ത്യ നിര്‍ദ്ദേശിച്ചിരുന്നെന്നും അതനുസരിച്ച് ചൈന 100 മീറ്റര്‍ പിന്നോട്ട് മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചൈന.

ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക്‌ലാമില്‍ ഇത് ഏഴാമത്തെ ആഴ്ചയാണ് ഇരു സൈനികരും തമ്മില്‍ മുഖാമുഖം നില്‍ക്കുന്നത്.

ട്രൈജംങ്ഷനില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് സൈന്യം 80 ടെന്റുകള്‍ നിര്‍മിച്ചുവെന്നാണ് സൂചന.

നിലവിലെ സ്ഥിതി തുടരാന്‍ സാധ്യത ഉള്ളതിനാല്‍ ഇന്ത്യ സൈനികര്‍ക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കിയിരിക്കുകയാണ്.

Top