സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കിക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെല്‍ഗ്രേഡ്: നൊവാക് ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുത്ത മറ്റൊരു താരത്തിനു കൂടി കോവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയയുടെ വിക്ടര്‍ ട്രോയിസ്‌ക്കിക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനും ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ചിനും പിന്നാലെയാണ് ഇത്.

ജോക്കോവിച്ച് സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റിന്റെ ഭാഗമായി ജൂണ്‍ 13, 14 തീയതികളില്‍ സെന്‍ട്രല്‍ ബെല്‍ഗ്രേഡിലെ ജോക്കോവിച്ച് ടെന്നീസ് കോംപ്ലക്‌സില്‍ നടന്ന മത്സരങ്ങളില്‍ വിക്ടര്‍ ട്രോയിസ്‌ക്കി പങ്കെടുത്തിരുന്നു.

ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ജോക്കോവിച്ച് സംഘടിപ്പിച്ച ടെന്നീസ് ടൂര്‍ണമെന്റിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സാമൂഹിക അകലം പാലിക്കാതെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്നാണ് ഉയരുന്ന പ്രധാന പരാതി. ജോക്കോവിച്ചിന് പുറമെ ഡൊമിനിക് തീം, അലക്‌സാണ്ടര്‍ സവരേവ് എന്നിവരും ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസമാണ് ക്രൊയേഷ്യന്‍ താരം ബോര്‍ന കോറിച്ച് ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. താനുമായി ഇടപഴകിയിട്ടുള്ളവരെല്ലാം പരിശോധനയ്ക്ക് വിധേയരാകണമെന്നും താന്മൂലമുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും കോറിച്ച് പറഞ്ഞു. ഗ്രിഗര്‍ ദിമിത്രോവിന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു താരങ്ങള്‍ക്കു കൂടി കോവിഡ് ബാധിച്ചിരിക്കുന്നത്.

Top