നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ രാജി പിന്‍വലിച്ച് വിക്രമാദിത്യ; ഹിമാചലില്‍ കോണ്‍ഗ്രസിന് ആശ്വാസം

ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന് താത്കാലിക ആശ്വാസം. രാജി തീരുമാനത്തില്‍ നിന്ന് മന്ത്രി വിക്രമാദിത്യ സിങ് പിന്‍മാറി. പാര്‍ട്ടിയുടെ വിശാല താത്പര്യം കണക്കിലെടുത്താണ് രാജി പിന്‍വലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിനും മുകളിലാണ് പാര്‍ട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശ്‌ന പരിഹാരത്തിനായി എഐസിസിസി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിക്രമാദിത്യയുടെ പിന്മാറ്റം. ലോക്‌സഭ തിരഞ്ഞെടുപ്പിനുശേഷം വിക്രമാദിത്യയെ മുഖ്യമന്ത്രിയാക്കാമെന്ന് എഐസിസി സംഘം വാക്കുനല്‍കിയതായാണ് സൂചന. മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിനെ മാറ്റണം എന്നാവശ്യപ്പെട്ടാണ് വിക്രമാദിത്യ രാജി വെച്ചത്.

വിക്രമാദിത്യയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖു നേരത്തെ പറഞ്ഞിരുന്നു. വിക്രമാദിത്യ സിങ് തനിക്ക് സഹോദര തുല്യനാണെന്നും രാജി സ്വീകരിക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സുഖുവിന്റെ പ്രതികരണം. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ആറ് എംഎല്‍എമാര്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ക്രോസ് വോട്ട് ചെയ്തതിന് പിന്നാലെയാണ് വിക്രമാദിത്യ സിങ് രാജി പ്രഖ്യാപിച്ചത്.

”ഞങ്ങള്‍ വികാരാധീനരായ ആളുകളാണ്. പദവികള്‍ ഞങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ, ഒരു പരസ്പര ബഹുമാന ബോധം ഉണ്ടാകേണ്ടതുണ്ട്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവര്‍ അത് ചെയ്തില്ല. എനിക്ക് മുറിവേറ്റു, അത് രാഷ്ട്രീയപരമല്ല, വൈകാരികമാണ്. പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഷയം അവതരിപ്പിച്ചിട്ടും ഒന്നും നടന്നില്ല”, അദ്ദേഹം പറഞ്ഞു.

Top